കൊണ്ടോട്ടി: സ്വർണക്കടത്തിന് പെണ്‍പട കച്ചകെട്ടിയ ഇറങ്ങിയതോടെ വനിത കസ്റ്റംസ് ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. എണ്ണത്തിൽ കുറവായ വനിത ഉദ്യോഗസ്ഥർക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ് കരിപ്പൂരിൽ.
കരിപ്പൂർ എയർകസ്റ്റംസിൽ 46 ഉദ്യോഗസ്ഥരിൽ അഞ്ച് പേർ മാത്രമാണ് വനിതകളുളളത്. ഇവരിൽ മൂന്ന് പേർ മാത്രമാണ് യാത്രക്കാരെ പരിശോധിക്കുന്ന ജോലിയിലുളളത്. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിന്റെ അന്വേഷണത്തിനിടെ കരിപ്പൂരിൽ ഇന്നലേയും സ്ത്രീയെ ഉപയോഗിച്ച് കളളക്കടത്ത് കണ്ടെത്തി.
റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീനമോളിൽ നിന്നാണ് 1.8 കിലോ സ്വർണം പിടികൂടിയത്. ഒരു കിലോക്ക് മുകളിൽ സ്വർണവുമായെത്തിയ ഇവർ സ്വർണ കാരിയറാണെന്ന് കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. നേരത്തെ സ്വർണക്കടത്ത് നടത്തിയതടക്കം പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ വർഷം കരിപ്പൂരിൽ പിടികൂടിയ സ്വർണത്തിന്റെ 20 ശതമാനവും കണ്ടെത്തിയ സ്ത്രീകളിൽ നിന്നായിരുന്നു. ഒരു വർഷത്തിനിടെ സ്ത്രീകൾ കാരിയർമാരായ 33 കേസുകളിലായി 10.35 കിലോ സ്വർണമാണ് കരിപ്പൂരിൽ മാത്രം പിടികൂടിയത്.
കസ്റ്റംസ് പിടിച്ചതിന്റെ പതിമടങ്ങ് സ്വർണം സ്ത്രീകൾ പുറത്ത് കടത്തിയുണ്ടാവുമെന്ന് സൂചന. കളളക്കടത്ത് സംഘത്തിന്റെ പുത്തൻ കുറുക്കുവഴികളും തന്ത്രങ്ങളുമാണ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കോടികളുടെ പുറത്ത് കടത്താനാകുന്നത്.
സ്വർണക്കടത്തിന് വനിതകളെ കാരിയർമാർ മുതൽ ഇടനിലക്കാരെ വരെ സ്വർണക്കടത്ത് മാഫിയ പ്രയോജനപ്പെടുത്തുന്നത് വർധിച്ച് വരികയാണ്. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിന് പിന്നിൽ.
മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നയെ വരെ കളളക്കടത്തുകാർ ഇടനിലക്കാരിയാക്കിയതും ഇത്തരത്തിലുളള വീക്ഷണത്തിലാണ്.