സ്വന്തംലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വീണ്ടും കൊടുവള്ളിയിലേക്ക്. നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഐഎയും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ഡിആര്‍ഐയുമാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തിയത്.
ഇന്നലെ രണ്ട് ഏജന്‍സികളും കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സംയുക്തമായിട്ടായിരുന്നില്ല പരിശോധന. രണ്ടു സംഘങ്ങളും ഓരോരോ കേസുകള്‍ക്കായാണ് അന്വേഷണം നടത്തിയത്.
കൊടുവള്ളിയില്‍ പാലക്കുറ്റി ആനപ്പാറ കുയ്യോടി ഷമീറിന്റെ തറവാട് വീട്ടിലും വാവാട്ടുള്ള സ്വന്തം വീട്ടിലുമാണ് ബുധനാഴ്ച പരിശോധന നടന്നത്. കുന്ദമംഗലം പതിമംഗലത്ത് പുന്നക്കല്‍ മുസ്തഫയുടെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി.
പരിശോധനയില്‍ വിദേശ യാത്രാ രേഖകള്‍ കണ്ടെത്തി. വിവിധ ജ്വല്ലറി ഉള്‍പ്പെടെയുള്ള മേഖലകളിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള രേഖകളും കസ്റ്റഡിയിലെടുത്തു.
അതേസമയം കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരുടെ കൊടുവള്ളിയിലെ രണ്ടു വീടുകളിലാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. ഇവര്‍ കൊണ്ടുവന്ന സ്വര്‍ണം പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഡിആര്‍ഐ സംഘത്തെ ആക്രമിച്ചത്.
യാത്രക്കാരായ കൊടുവള്ളി സ്വദേശികളെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മുക്കം സ്വദേശി പി. നിസാര്‍ ബന്ധപ്പെടുകയും സ്വര്‍ണം കടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിന് മുമ്പും ഇപ്രകാരം സ്വര്‍ണം കൊണ്ടുവന്നിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷിക്കാനാണ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയത്. യാത്രാവിവരങ്ങളുള്പ്പെടെയുള്ള രേഖകള്‍ ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എരഞ്ഞിക്കല്‍ സ്വദേശി ഷംജുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഷംജുവിന്റെ ഭാര്യാപിതാവിന്റെ വീട്ടില്‍ പരിശോധനയും നടത്തിയിരുന്നു. കസ്റ്റംസും ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിന് പുറമേ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ജ്വല്ലറികളിലും പരിശോധന നടത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് വീണ്ടും കോഴിക്കോട് കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം നടത്തിയത്.