കൊണ്ടോട്ടി: കരിപ്പൂരില്‍ സ്ത്രീയെ ഉപയോഗിച്ചു കള്ളക്കടത്ത് വീണ്ടും കൂടുന്നു. കഴിഞ്ഞ മാസം റാസല്‍ ഖൈമയില്നിന്നു കരിപ്പൂരിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ സീനമോളില്നിന്നാണ് 1.8 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.
എന്നാൽ ഇന്നലെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയിൽ തലശേരി സ്വദേശിനി ജസീലയില്നിന്ന് 1.64 കിലോയാണ് കണ്ടെത്തിയത്. മിശ്രിത രൂപത്തിലുളള സ്വര്‍ണം പാഡിനുളളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു.ഒരു കിലോക്ക് മുകളില്‍ സ്വര്‍ണവുമായെത്തിയ ഇവര്‍ സ്വര്‍ണ കരിയറാണെന്നു ബോധ്യമായിട്ടുണ്ട്.
സ്വര്‍ണക്കടത്തിനു കൂടുതൽ വനിതകളെ കരിയര്‍മാര്‍ മുതല്‍ ഇടനിലക്കാർവരെയാക്കുകയാണ് മാഫിയകൾ. സ്ത്രീകളെ സംശയിക്കില്ലെന്നും പരിശോധന കുറവാണെന്നുമെന്നുളള ധാരണയാണ് ഇതിനു പിന്നില്‍. സ്ത്രീകളില്നിന്നു മാത്രം സ്വര്‍ണം പിടിക്കപ്പെട്ട സംഭവങ്ങള്‍ കരിപ്പൂരിലും നെടുമ്പാശേരിയിലുമാണ് കൂടുതലുളളത്.
കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണത്തിന്റെ 20 ശതമാനവും സ്ത്രീകളില്‍നിന്നായിരുന്നു. ഒരു വര്‍ഷത്തിനിടെ സ്ത്രീകള്‍ കരിയര്‍മാരായ 33 കേസുകളാണ് കരിപ്പൂരില്‍ മാത്രം പിടികൂടിയത്. ഇവരില്‍ 10.35 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്.
കസ്റ്റംസ് പിടിച്ചതിന്റെ പത്തിരട്ടി സ്വര്‍ണം സ്ത്രീകള്‍ പുറത്തു കടത്തിയിട്ടുണ്ടാവുമെന്ന് സൂചന. കരിപ്പൂരില്‍ 80 കോടിയുടെ 234 കിലോ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം പിടിച്ചത്.
കള്ളക്കടത്ത് സംഘത്തിന്റെ പുത്തന്‍ കുറുക്കുവഴികളും തന്ത്രങ്ങളുമാണ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചു കോടികളുടെ സ്വർണം പുറത്തു കടത്താന്‍ സഹായിക്കുന്നത്.
ഒരു രീതി പിടിക്കപ്പെടുന്പോൾ പുതിയ തന്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം. ഇതിനായി പ്രത്യേക ഗവേഷണ വിഭാഗം തന്നെ കള്ളക്കടത്തു സംഘത്തിനൊപ്പമുണ്ടെന്നാണ് നിഗമനം.