നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണമൊഴുകുന്നു. ഇന്ന് പുലർച്ചെ വിദേശത്തുനിന്നും വന്ന യാത്രക്കാരനിൽ നിന്നും 88 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഷാർജയിൽനിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന പാലക്കാട് തേൻകുറിശി സ്വദേശിയായ യാത്രക്കാരൻ അടിവസ്ത്രത്തിലും ജീൻസിന്റെ അരപ്പട്ടയിലുമാണ് 2.5 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മൂന്ന് പ്ലാസ്റ്റിക് കവറുകളികളിലായിട്ടാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
ഒരു കവർ അടിവസ്ത്രത്തിനകത്തും രണ്ടെണം ജീൻസിന്റെ ഉള്ളിലുമായാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. വൻ കള്ളകടത്ത് ലോബിയുടെ കാരിയറായി പ്രവർത്തിക്കുന്ന ആളാണ് താനെന്ന് പിടിയിലായ യാത്രക്കാരൻ എയർ കസ്റ്റംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെയുള്ള ആറ് ദിവസങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിട്ടുണ്ട്. ഈ ആഴ്ചയിൽ 18 കിലോ സ്വർണമാണ് പിടികൂടിയത്.