തിരുവനന്തപുരം:സി-ആപ്റ്റിൽ വീണ്ടും എൻഐഎ സംഘം പരിശോധന നടത്തി. രണ്ടാം തവണയാണ് സി-ആപ്റ്റിൽ എൻഐഎ പരിശോധന നടത്തുന്നത്. ഇന്നലെയും എൻഐഎ ഇവിടെ പരിശോധന നടത്തുകയും സ്റ്റോർ കീപ്പർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ 10.30നാണ് എൻഎസംഘം സി-ആപ്റ്റിലെത്തിയത്. സി-ആപ്റ്റിൽ നിന്നും മലപ്പുറത്തേക്ക് മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനങ്ങളുടെ യാത്രാ രേഖകളും ജിപിഎസ് സംവിധാനവും ആണ് പരിശോധിക്കുന്നത്.
മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയിൽ വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
മാർച്ച് 24 മുതലുള്ള യാത്രാരേഖകളാണ് എൻഐഎ സംഘം പരിശോധിക്കുന്നത്. മലപ്പുറത്തിനു പുറമേ കോഴിക്കോട്, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സി-ആപ്റ്റിന്റെ വാഹനങ്ങൾ പോയിരുന്നുവെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് എൻഐഎ സംഘം ശ്രമിക്കുന്നത്. അടുത്ത സമയത്ത് സി-ആപ്റ്റിൽ നിന്ന് ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേപ്പറ്റിയും എൻഐഎ അന്വേഷിക്കുന്നുണ്ട്.