കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം യുഎഇയിലെത്തിയതോടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്കു കടന്നു. ഇതോടെ സ്വർണക്കടത്ത് മാഫിയ കടുത്ത ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമായി.
സ്വർണക്കടത്തിന്റെ പ്രധാന വേരുകൾ ഗൾഫിലാണ് ഉള്ളതെന്നതും എൻഐഎ ഇതിന്റെ ചുവടു തേടി എത്തിയതുമാണ് സ്വർണമാഫിയയെ ഇളക്കിയിരിക്കുന്നത്. അന്വേഷണത്തിനു യുഎഇ സർക്കാരിന്റെ സഹകരണം ലഭിച്ചാൽ ഈ മാഫിയയെ അടിയോടെ വേരറക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലുള്ള കേസിലെ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുകയാണു സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഈ കേസിലെ നിര്‍ണായക തെളിവു ലഭിക്കണമെങ്കില്‍ ഫൈസിലിനെ വിശദമായി ചോദ്യംചെയ്യണമെന്ന നിലപാടിലായിരുന്നു സംഘം.
എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണസംഘമാണു ദുബായിലെത്തിയിരിക്കുന്നത്. പ്രതിയെ ഇന്ത്യയിലെത്തിക്കുമോയെന്ന് ഇതുവരെ വ്യക്തതയില്ല. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യുമോയെന്നതിലും വ്യക്തതവന്നിട്ടില്ല.
യുഎഇ സഹകരിച്ചു അറ്റാഷെയെ എന്‍ഐഎയ്ക്കു വിട്ടു കൊടുത്താല്‍ കേസിന്റെ ഗതിതന്നെ മാറ്റിയെഴുതും. അറ്റാഷെയെ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു വിദേശകാര്യ മന്ത്രാലയംവഴി നേരത്തേ യുഎഇക്കു കത്ത് നല്‍കിയിരുന്നതായാണു സൂചന.
എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. നയതന്ത്ര കള്ളക്കടത്തിന്റെ സൂത്രധാരന്മാരില് ചിലര്‍ ഇപ്പോഴും ദുബായിലാണുള്ളതെന്നാണ് അറസ്റ്റിലായ പ്രതികള്‍ എന്‍ഐഎക്കു നേരത്തേ നല്‍കിയിരുന്ന മൊഴി.
ഇതിന്റെ ഭാഗമായി എന്‍ഐഎ സംശയിക്കുന്ന ഏതാനും പേരെ കൂടി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കേസിലെ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിനെ യുഎഇയില്‍നിന്ന് വിട്ടുകിട്ടുക എന്നതു നിര്‍ണായകമാണ്. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് നേരത്തേതന്നെ കേന്ദ്രസര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു.
ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതു വഴി പ്രധാനപ്പെട്ട ചില വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സ്വര്‍ണം വാങ്ങാന്‍ യുഎഇയിലെ ഹവാല ഇടപാടുകാരില്‍നിന്നു പണം സമാഹരിച്ചതും സ്വര്‍ണം വാങ്ങി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് അയച്ചിരുന്നതും ഫൈസലാണെന്നാണു വിവരങ്ങള്‍.
കഴിഞ്ഞ ഏതാനും മാസത്തിനിടെ 20 തവണയായി 100 കോടി രൂപയുടെ 200 കിലോ സ്വര്‍ണം കടത്തിയതായാണു അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എന്‍ഐഎ സംഘത്തിനു യുഎഇയിലേക്കു പോകുന്നതിനുള്ള അനുമതി നല്‍കിയത്.
സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചം എന്‍ഐഎ സംഘം അന്വേഷിക്കും. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യുഎഇയില്‍നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും എന്‍ഐഎ സംഘം അന്വേഷിക്കുമെന്നുമാണു ലഭിക്കുന്ന വിവരങ്ങള്‍.