സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ കസ്റ്റംസ് ചോദ്യം ചെയ്തു തുടങ്ങി. സാമ്പത്തിക കുറ്റവിചാരണ കോടതി കസ്റ്റംസ് ആവശ്യപ്പെട്ട പത്തുദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നു.
അതിനിടെ സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും പി.എസ്. സരിത്തിനെയും വീണ്ടും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് അനുമതി കിട്ടി. റബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, റബിന്‍സിനെ ചോദ്യംചെയ്യാന്‍ സാധിച്ചിരുന്നില്ല. റബിന്‍സിന്റെ അറസ്റ്റ് ഡിസംബര്‍ 15-നാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്.
പ്രധാന ആസൂത്രകന്‍
റബിന്‍സ് ദുബായിലായിരുന്ന സമയത്ത് മൂവാറ്റുപുഴയില്‍ കസ്റ്റംസ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ കണ്ടെത്തിയ വസ്തുതകളുടെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് റബിന്‍സിനെ ചോദ്യം ചെയ്യുന്നത്.
വിദേശത്ത് ഇരുന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കിയതിന്റെ പ്രധാന ആസൂത്രകന്‍ റബിന്‍സ് എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.
യുഎഇ നാടുകടത്തിയ പ്രതിയെ നേരത്തെ വിമാനത്താവളത്തില്‍ വച്ചു എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. കോടതി അനുമതിയോടെ കസ്റ്റംസും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.
സ്വര്‍ണക്കടത്തില്‍ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തിയ കേസിലെ 10-ാം പ്രതിയാണു റബിന്‍സ്. അഞ്ചും ആറും പ്രതികളായ കെ.ടി.റമീസ്, എം.എം. ജലാല്‍ എന്നിവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി
ദുബായില്‍നിന്നു നയതന്ത്ര പാഴ്സലില്‍ കേരളത്തിലേക്കു സ്വര്‍ണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിന്‍സ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസുകളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍നിന്നു നാടുകടത്തിയ ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു എന്‍ഐഎ അറസ്റ്റ് ചെയ്തത്.
അന്ന് തെളിവില്ലാതെ രക്ഷപ്പെട്ടു
സ്വര്‍ണക്കടത്തിനുള്ള പണം ഹവാലയായി ദുബായില്‍ എത്തിക്കാനും സ്വര്‍ണം ശേഖരിക്കാനും റമീസ് ചുമതലപ്പെടുത്തിയിരുന്നതു റബിന്‍സിനെയാണ്.
സ്വര്‍ണം രൂപമാറ്റം വരുത്തി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ചു നയതന്ത്ര പാഴ്സല്‍ വഴി കടത്താന്‍ സഹായിച്ചതും റബിന്‍സാണ്. ദുബായിലുണ്ടായിരുന്ന സമയത്ത് റബിന്‍സും ഫൈസല്‍ ഫരീദും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടത്തിയതെന്നാണ് ദേശീയ ഏജന്‍സികള്‍ പറയുന്നത്.
2015-ല്‍ നെടുമ്പാശേരി സ്വര്ണക്കള്ളക്കടത്തുകേസില് അറസ്റ്റിലായ പെരുമറ്റം സ്വദേശികളുടെ അടുത്ത ബന്ധുവാണു റബിന്‍സ്. അന്നു തെളിവുകളുടെ അഭാവത്തിലാണു പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവായത്.
ഒപ്പമുണ്ടായിരുന്ന എട്ടുപേര്‍ കേസില്‍ പിടിക്കപ്പെട്ടതോടെ റബിന്‍സ് വിദേശത്തേക്കു കടന്നു. അവിടെ വച്ചാണ് റമീസുമായി അടുക്കുന്നതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.