കൊച്ചി: വിമാനത്താവളങ്ങളിലൂടെ കടത്തി കേരളത്തിലെത്തിക്കുന്ന സ്വര്‍ണം വില്പന നടത്തുന്നത് മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി റമീസ്. ഇന്നലെ മലപ്പുറത്തുനിന്നു കസ്റ്റംസ് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
ഇയാളുടെ അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. ഇത് കേസില്‍ പുതിയ വഴിത്തിരിവാകും. കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണം തമിഴ്നാട്ടിലേക്ക് എത്തിച്ച്് പണം വാങ്ങി നല്‍കുന്നത് റമീസാണ്. ഇയാളില്‍നിന്ന് ആര്‍ക്കൊക്കെ സ്വര്‍ണം കൈമാറിയിട്ടുണ്ടെന്ന് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘവുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന സൂചന. റമീസിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി അടുത്ത ബന്ധമുള്ളവരെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.
കേസിലെ ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് റമീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചത്. സരിത്തില്‍നിന്നു സ്വര്‍ണം കൈപ്പറ്റുന്നവരില്‍ ഒരാളാണ് റമീസ്. ഇന്നലെ റമീസിനെ കസ്റ്റംസും എന്‍ഐഎയും സംയുക്തമായും ചോദ്യം ചെയ്തു.
തുടര്‍ന്ന് കസ്റ്റംസ് പ്രതിയെ എന്‍ഐഎയ്ക്ക് കൈമാറി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെടുമ്പാശേരി വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ടി.കെ. ഫയാസുമായി അടുത്ത ബന്ധമുണ്ടെന്ന് റമീസ് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും റമീസ് പ്രതിയാണ്. ഈ കേസും എന്‍ഐഎ അന്വേഷിച്ചേക്കും. ഇത്തരത്തില്‍ കടത്തുന്ന തോക്കുകള്‍ സ്വര്‍ണക്കടത്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ അകമ്പടി പോകാന്‍ ഉപയോഗിക്കുന്നതായാണ് പറയുന്നത്.
കൊച്ചിയില്‍ ചോദ്യം ചെയ്യല്‍ തുടരുമ്പോള്‍ തന്നെ റമീസിന്റെ വീട്ടില്‍ കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. റമീസിന്റെ പെരുന്തല്‍മണ്ണ വെട്ടത്തൂരിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട പരിശോധനയിൽ നിരവധി തെളിവുകള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.