സ്വന്തം ലേഖകൻ
കണ്ണൂർ: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന കണ്ണൂരിലെ സംഘത്തെ നിയന്ത്രിക്കുന്നത് മൂന്നക്ഷരത്തിൽ അറിയപ്പെടുന്നയാൾ. അർജുൻ ആയങ്കി അടക്കമുള്ള സ്വർണ തട്ടിയെടുക്കുന്ന ക്വട്ടേഷൻസംഘത്തിലെ പ്രധാനിയാണിയാൾ.
കണ്ണൂർ ചാലാട് സ്വദേശിയായ ഇയാൾ കണ്ണൂരിലെ പാർട്ടികാർക്കിടയിൽ എൻ.പി.ആർ എന്ന ചുരുക്കപേരിലാണ് അറിയപ്പെടുന്നത്.
ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും കണ്ണൂരിലെ സിപിഎം നേതാക്കളുമായും കണ്ണൂർ നഗരത്തിനു സമീപത്തെ സിപിഎം ലോക്കൽ കമ്മിറ്റിയുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ട്.
നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. തലസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തിൽ നിർണായക ബന്ധമുള്ള കൂത്തുപറന്പ് സ്വദേശിക്കും സ്വർണം തട്ടിയെടുക്കുന്ന സംഘവുമായി പങ്കുണ്ടെന്നും അന്വേഷണം സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊയ്യോട്ടെ ഡിവൈഎഫ്ഐ നേതാവായിരുന്ന സി. സജേഷിന്റെ കാറാണ് സ്വർണക്കടത്തിനു വേണ്ടി അർജുൻ ആയങ്കി ഉപയോഗിച്ചത്. സജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.
ഡിവൈഎഫ്ഐ ചെന്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന സജേഷ്.
ഇതിനിടെ, അർജുൻ ആയങ്കി ഉപയോഗിച്ച സജേഷിന്റെ കാർ പരിയാരം ആയുർവേദ കോളജിന് സമീപം വിളയാങ്കോടിനടുത്ത് കുളപ്പുറത്തെ കുന്നിൻ പുറത്ത് ഇന്നലെ വൈകുന്നേരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.