കെ. ഷിന്റുലാല്‍
കോഴിക്കോട് : വിദേശത്തു നിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നവരെയും അവ തട്ടിയെടുക്കുന്നവരേയും “റെഡ് ലിസ്റ്റില്‍’ ഉള്‍പ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. രാമനാട്ടുകര സ്വര്‍ണക്കടത്തിന്റെയും അനുബന്ധ കേസുകളുടേയും പശ്ചാത്തലത്തില്‍ അന്വേഷണം നടത്തുന്ന സംസ്ഥാന ക്രൈംബ്രാഞ്ചാണ് സ്വര്‍ണക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ കര്‍ശന നടപടി സ്വീകരിക്കുന്നത്.
ഇതിനായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ (ഡിആര്‍ഐ)നിന്നും ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ നിന്നും ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.
ഈ പട്ടികയിലുള്‍പ്പെട്ടവരെ സംബന്ധിച്ച് അതത് ലോക്കല്പോലീസിനും മറ്റും വിവരങ്ങള്‍ കൈമാറും. ഇവരെ സ്ഥിരം പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്യും.
വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്ന കാരിയര്മാര്ക്കെതിരേ പോലീസ് നിയമനടപടി സ്വീകരിക്കാറില്ല. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡിആര്‍ഐയുമാണ് നടപടിയെടുക്കുന്നത്. സ്വര്‍ണത്തിന്റെ നികുതിയും പിഴയും ഈടാക്കിയാല്‍ നിയമനടപടികള്‍ അവസാനിക്കും.
ഇത്തരത്തില്‍ നിയമനടപടികള്‍ അതിവേഗത്തില്‍ തീര്പ്പാകുന്നതിനാല് കൂടുതല്‍ പേര് കാരിയറായി രംഗത്തെത്താന്‍ തുടങ്ങി. ഇതോടെയാണ് സംസ്ഥാനത്തേക്ക് വിദേശത്ത് നിന്നുള്ള സ്വര്‍ണം ഒഴുകിയെത്താന്‍ തുടങ്ങിയത്.
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണകള്ളക്കടത്ത് തടയണമെങ്കില്‍ കാരിയര്മാര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടതിനാലാണ് സംസ്ഥാന പോലീസ് ആദ്യമായി കാരിയര്‍മാരിലേക്ക് സമഗ്രമായ അന്വേഷണം നടത്തുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസുള്‍പ്പെടെയുള്ള കാര്യങ്ങളിലും പോലീസ് അന്വേഷണം നടത്തും.
350 തട്ടിക്കൊണ്ടുപോകല്‍
അനധികൃതമായി സ്വര്‍ണം കടത്തുന്നവരില്‍ പലര്‍ക്കും സ്വര്‍ണം നഷ്ടമാവുകയും സ്വര്‍ണം തട്ടിയെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും പോലീസില്‍ പരാതി പോലും നല്‍കിയിട്ടില്ല.
ഇത്തരത്തിലുള്ള സംഭവങ്ങളെ കുറിച്ചാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. മലബാര്‍ മേഖലയില്‍ മാത്രം 350ലേറെ സംഭവങ്ങളാണ് ഇത്തരത്തില്‍ നടന്നിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മാത്രമാണ് ഇത്രയും സംഭവങ്ങള്‍ ഉണ്ടായത്. ഇതിന് പിന്നിലുള്പ്പെട്ട കുപ്രസിദ്ധരായ കവര്‍ച്ചാ സംഘത്തിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥിരം കുറ്റവാളികളാണെന്ന് കണ്ടെത്തുന്നവരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ മുഖേന കാപ്പ ചുമത്തുകയുമാണ് ചെയ്യുക .
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വമേധയാ ആണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. തട്ടിക്കൊണ്ടുപോകലിനെ കുറിച്ചും മറ്റും അന്വേഷിക്കുന്ന ലോക്കല്‍ പോലീസിനും സി-ബ്രാഞ്ചിനും നിര്‍ദേശങ്ങള്‍ നല്‍കുകയും കാര്യക്ഷമമായ രീതിയില്‍ അന്വേഷിപ്പിക്കുകയുമാണ് ക്രൈംബ്രാഞ്ചിന്റെ ദൗത്യം.
കൂടാതെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഭവങ്ങളില്‍ കൂടി അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിന് മുന്നില്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്.
പല സംഭവങ്ങള്‍ക്കും പിന്നില്‍ തീവ്രവാദസ്വഭാവമുള്ളതിനാല് അത്തരം കേസുകള്‍ ആന്റി ടെററസിറ്റ് സ്ക്വാഡിന് കൈമാറും.