കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍.
എന്‍ഐഎ ചോദ്യം ചെയ്യുന്ന അവസരത്തില്‍ തന്നെ കസ്റ്റംസിനും പ്രതികളെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഇന്നലെ രാത്രി അന്വേഷണസംഘം സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അറ്റാഷെയുടെ പങ്ക് സന്ദീപ് വെളിപ്പെടുത്തിയതായാണ് സൂചന. നേരത്തെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറില്നിന്നും കസ്റ്റംസ് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത പ്രതികളില്‍നിന്നും തേടുന്നുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായ മറ്റ് പ്രതികള്‍ ചോദ്യം ചെയ്യല്‍ നടപടികളോട് സഹകരിക്കുന്നുണ്ടെങ്കിലും കേസിലെ മുഖ്യകണ്ണിയായ സ്വപ്നയില്‍നിന്നും തണുപ്പന്‍ പ്രതികരമാണ് ലഭിക്കുന്നതെന്നാണ് സൂചന.
കേസില്‍ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാന്‍ സഹായകമായ യാതൊരുവിവരവും ഇതേവരെ സ്വപ്ന നല്‍കിയിട്ടില്ല. അതേസമയം മറ്റ് പ്രതികളില്‍നിന്നാണ് സ്വര്‍ണക്കടത്തിലെ സ്വപനയുടെ കൂടുതല്‍ ബന്ധം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്.
കേസിലെ ഒന്നാം പ്രതി സരിത് എന്‍ഐഎക്ക് നല്കിയ മൊഴിയില്‍ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വപ്നയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ചോദ്യംചെയ്യല്‍ വേളയില്‍ സ്വപ്ന ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ശിവശങ്കറിനോട് കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതോടെ ഇരുവരെയും ഒന്നിച്ചിരുന്ന ചോദ്യം ചെയ്യുന്ന കാര്യങ്ങളും അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.