തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണവുമായി തൃശൂര്‍ മുണ്ടൂർ സ്വദേശി ബിജു (39) വിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
ആഭരണ രൂപത്തിലുള്ള 200 പവന് സ്വര്‍ണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാളില്‍ നിന്നും കണ്ടെത്തിയ ബില്ല് വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തൃശൂരില്‍ നിന്നും ജയന്തിഎക്സ്പ്രസില് ബാഗിലും പെട്ടിയിലുമായാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.
തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറികളിൽ നല്കുവാനാണ് സ്വര്ണമെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സ്വര്‍ണം, കഞ്ചാവ് എന്നിവ പിടികൂടാന്‍ റെയില്‍വേ സിഐ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡ് ആണ് സ്വര്‍ണം പിടികൂടിയത്.
റെയില്‍വേ എസ്ഐ സുരേഷ് കുമാര്‍, എസ്ഐ രാധാകൃഷ്ണപിള്ള, സിപിഒമാരായ സജിന്‍, അനില്‍, വിവേക് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പിടികൂടിയ സ്വര്‍ണം സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.