തുറവൂർ: സ്വർണക്കള്ളക്കടത്ത് അന്വേഷണം പള്ളിത്തോട് സ്വദേശിയിലേക്ക് എത്താതിരിക്കാൻ വന്പന്മാർ രംഗത്തിറങ്ങിയെന്നു സൂചന. പള്ളിത്തോട് സ്വദേശി അന്വഷണ സംഘത്തിന്റെ കസ്റ്റഡിയിലായാൽ സംസ്ഥാനമന്ത്രി സഭയെത്തന്നെ പിടിച്ചുകുലുക്കുമെന്നതിനാൽ എന്തു വില കൊടുത്തും അദ്ദേഹത്തെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിയുമായി പതിനെട്ടു വർഷത്തെ ബന്ധമുണ്ടെന്നു ഇദ്ദേഹംതന്നെ ഇന്നലെ മാധ്യമങ്ങളെ അറിയിച്ച സാഹചര്യത്തിൽ സ്വർണക്കടത്തു സംഘവുമായി ഇദ്ദേഹത്തിനു ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അതു മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ ഇദ്ദേഹത്തെ സംരക്ഷിക്കുക എന്നതു സിപിഎമ്മിന്റെ ബാധ്യതയായിരിക്കുകയാണ്.
പള്ളിത്തോട് സ്വദേശി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത് ഒരു പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയില്ല എന്നാണ്. എന്നാൽ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി പറഞ്ഞതു താനും ചേർത്തല ഡിവൈഎസ്പിയും കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറും ഇദ്ദേഹത്തിന്റെ വീട്ടിൽ പോയെന്നും അരമണിക്കറോളം അവിടെ ചെലവഴിച്ചു എന്നുമാണ്.
ഇക്കാര്യം ഇദ്ദേഹം മറച്ചുവച്ചത് എന്തിനാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. കൂടാതെ ജില്ലാ പോലീസ് മേധാവി പറഞ്ഞത് വീടിനു മുന്പിൽനിന്ന് ഇദ്ദേഹം ക്ഷണിച്ചപ്പോൾ വിട്ടിൽ കയറി എന്നാണ്. പള്ളിത്തോട് സ്വദേശി ഇന്നലെ മാധ്യമങ്ങളോടെ പറഞ്ഞത് ഇടതുപക്ഷ കുടുബമെന്നാണ്.
എന്നാൽ, പ്രാദേശിക സിപിഎം പ്രവർത്തകർ ഇദ്ദേഹത്തിന് അനുകൂലമല്ല. ഏതാനും വർഷങ്ങൾക്ക് മുന്പ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിപിഎം കോസ്റ്റൽ ലോക്കൽ ക്കമ്മറ്റി ഓഫീസ് താഴിട്ടു പൂട്ടി പാർട്ടി പ്രവർത്തകരെ ഈ കെട്ടിടത്തിൽനിന്ന് ഇറക്കിവിട്ടിരുന്നു.
ഇതേത്തുടർന്നാണ് പ്രാദേശിക പാർട്ടി പ്രവർത്തകരുമായി വിയോജിപ്പ് തുടങ്ങിയത്. പിന്നീടു ജില്ലാ നേതൃത്വം ഇടപെട്ടാണ് പ്രശ്നം തണുപ്പിച്ചത്. ഇദ്ദേഹം സെക്രട്ടറിയായിട്ടുള്ള റൈഫിൾ പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇപ്പോൾ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ സ്ഥാപനത്തിൽ സംസ്ഥാന തലത്തിൽ ഉള്ള പോലീസിലെ ഉന്നതരായിട്ടുള്ളവർ വരെ നിത്യ സന്ദർശകരാണെന്നും പറയുന്നുണ്ട്.