കെ. ഷിന്റുലാല്‍
കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ടിപ്പര്‍ ലോറികള്‍ വരെ ! സ്വര്‍ണക്കവര്‍ച്ചയ്ക്കു വേണ്ടി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശത്തില്‍ നിന്നാണ് ടിപ്പര്‍ലോറി വരെ സജ്ജമാക്കിയിരുന്നതായി കസ്റ്റംസിനും പോലീസിനും വിവരം ലഭിച്ചത്.
ചെറുപ്പളശേരി സംഘമാണ് ഇത്തരത്തിലുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.സ്വര്‍ണം വിമാനതാവളത്തില്‍ നിന്ന് പുറത്തെത്തിയാല്‍ എങ്ങനെയെങ്കിലും സുരക്ഷിതമാക്കാനാണ് വേണ്ടിയാണ് ടിപ്പര്‍ വരെ ഒരുക്കിയതെന്നാണ് കസ്റ്റംസ് പറയുന്നത്.
അര്ജ്ജുന് ആയങ്കി
സ്വര്‍ണക്കവര്‍ച്ച നടത്തുന്നതിനായാണ് കണ്ണൂര്‍ സ്വദേശി അര്ജുന് ആയങ്കി വിമാനത്താവളത്തിലെത്തിയത്. അര്‍ജുനൊപ്പം മറ്റുസംഘവും ഉണ്ടായിരുന്നു. ഇതിന് പുറമേയാണ് ചെറുപ്പളശേരി സംഘവും എത്തിയത്.
ചെറുപ്പളശേരി സംഘം മറ്റെതിങ്കിലും സ്വര്‍ണം കടത്തുന്നതിന് അകമ്പടി പോയിട്ടുണ്ടോയെന്ന സംശയവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതേസമയം സ്വര്‍ണം സ്വീകരിക്കാനായാണ് കൊടുവള്ളി സംഘം എത്തിയതെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.
കൊടുവള്ളി സംഘം കരിപ്പൂര്‍ മുതല്‍ കൊടുവള്ളി വരെ വിവിധ സ്ഥലങ്ങളിലായി സംഘാംഗങ്ങളെ വിന്യസിപ്പിച്ചിരുന്നതായും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണക്കടത്തിനുള്ള ഒരുക്കങ്ങളാണ് കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടന്നതെന്നും പിടികൂടിയതിനേക്കാള്‍ കൂടുതല്‍ അളവ് സ്വര്‍ണം പുറത്തെത്തിയിട്ടുണ്ടാവുമെന്നുമാണ് കസ്റ്റംസും പോലീസും സംശയിക്കുന്നത്.
കാര്‍ ഉടമയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രവന്റീവ് വിഭാഗം തിരയുന്ന അഴീക്കല്‍ സ്വദേശി അര്ജ്ജുന് ആയങ്കി ഉപയോഗിച്ച കാറിന്റെ യഥാര്‍ഥ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും
.കണ്ണൂര്‍സ്വദേശിയായ സജേഷ് എന്നയാളുടേതാണ് കാറെന്നാണ് കസ്റ്റംസ് പറയുന്നത്. ചുവന്ന നിറത്തിലുള്ള കാര്‍ രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂര്‍ ഭാഗത്തുണ്ടായിരുന്നു.
കാര്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ അഴീക്കലിലെ പൂട്ടിപ്പോയ ഉരുനിര്മാണശാലയുടെ വളപ്പില്‍ കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കസ്റ്റംസും പോലീസും എത്തുന്നതിന് മുമ്പേ കാര്‍ അപ്രത്യക്ഷമായി.
അതേസമയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് പോവുന്നതിന് കാര്‍ സുഹൃത്തായ അര്ജ്ജുന് വാങ്ങിയെന്നും തിരിച്ചുകിട്ടിയിട്ടില്ലെന്നും സജേഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സജേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്.
റവന്യൂ ഇന്റലിജൻസ് അന്വേഷണം
രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാന്റെ പങ്കിനെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷിക്കും.
177 കോടിയോളം രൂപ വിലവരുന്ന 570 കിലോ സ്വര്‍ണം വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണം.
രാമനാട്ടുകര സംഭവത്തില്‍ സൂഫിയാന്റെ പങ്ക് തെളിഞ്ഞാല്‍ ഡിആര്‍ഐയും കേസില്‍ വിശദമായ അന്വേഷണം നടത്തും. സൂഫിയാനെതിരേ ഇപ്പോഴും ഡിആര്‍ഐയില്‍ കേസുകളുണ്ട്.
അതേസമയം രാമനാട്ടുകര സംഭവത്തില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
വാട്സ് ആപ്പ് ഗ്രൂപ്പ്
സ്വര്‍ണക്കവര്‍ച്ചയ്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ചത് സൂഫിയാനാണെന്നാണ് കസ്റ്റംസും പോലീസും സംശയിക്കുന്നത്.
രാമനാട്ടുകര അപകടം നടന്നതിനു തൊട്ടുപിന്നാലെ തന്നെ സൂഫിയാന് മുങ്ങിയതായാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
അതേസമയം പോലീസ് അന്വേഷണത്തിനു പുറമേ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വരും ദിവസങ്ങളില്‍ ചെർപ്പുളശേരി സംഘത്തെ ചോദ്യം ചെയ്യും.
കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കോടതി മുഖേന ഇതിനായി അനുമതി വാങ്ങി അടുത്താഴ്ച ചോദ്യം ചെയ്യാനാണ് തീരുമാനം.
പാലക്കാട് സ്വദേശികളായ സുഹൈല്‍ (24), ഫസല്‍ (24), മുസ്തഫ(26), ഷാഹിദ് (32),ഹസന് (35), മുഹമ്മദ് ഫയാസ് (29), സലീം (29), മുബഷീര്‍ (26) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
ഇവര്‍ക്കെതിരേ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഇവരില്‍ നിന്നു സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് കസ്റ്റംസ് കരുതുന്നത്.
എത്രത്തോളം സ്വർണം?
അതേസമയം കരിപ്പൂര്‍ വിമാനത്താവളം വഴി കൂടുതല്‍ സ്വര്‍ണം എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടുന്നതിനു മുമ്പു മറ്റേതെങ്കിലും സംഘം സ്വര്‍ണം പുറത്തേക്കു കടത്തിയിട്ടുണ്ടോയെന്നും കസ്റ്റംസ് പരിശോധിച്ചുവരികയാണ്.
സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ 15 പേരടങ്ങുന്ന സംഘം എത്തിയത് സംശയാസ്പദമാണ്. കൂടുതല്‍ അളവ് സ്വര്‍ണമുണ്ടെങ്കില്‍ മാത്രമേ ഇത്രയും അധികംപേര്‍ ഒരുമിച്ച് ഓപ്പറേഷന് എത്തുകയുള്ളൂ.
2.33 കിലോ ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ ഒരിക്കലും ഇത്രയും പേര് ഓപ്പറേഷന് നടത്താനെത്തില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്. വിമാനത്താവളത്തില്‍ നിന്ന് വലിയ അളവില്‍ സ്വര്‍ണം പുറത്തേക്ക് കടത്തിയതായി പോലീസിനു ചില സംശയങ്ങളുണ്ട്.
റിമാന്‍ഡിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.