സ്വന്തം ലേഖകൻ
മട്ടന്നൂർ: പുതുവഴികളിലൂടെ സ്വർണക്കടത്ത് നടത്തി യുവതികളും യുവാക്കളും. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴിയാണ് പുതിയ വഴികൾ കണ്ടെത്തി സ്വർണക്കടത്ത് നടത്തുന്നത്.
വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കടത്താൻ ശ്രമിച്ചത് 182 കിലോയോളം സ്വർണം. ഈ മാസം മാത്രം ആറര കിലോയിലധികം സ്വർണം പിടികൂടി.
ഡിസംബറിൽ ഒമ്പതുപേരിൽ നിന്നായി മൂന്നരക്കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഈ മാസം ഇതുവരെയായി എട്ടു പേരെയും അറസ്റ്റ് ചെയ്തു.
ഒരു കോടി രൂപയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നൽകും. ഇത് കണക്കു കൂട്ടിയാണ് മിക്ക സംഘങ്ങളും സ്വർണം കടത്തുന്നത്. പിടികൂടാതിരിക്കാൻ സ്വർണക്കടത്തിന് പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് കടത്തുകാർ.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം
കഴിഞ്ഞ ദിവസം പുലർച്ചെ മസ്ക്കറ്റിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനി അടിവസ്ത്രത്തിനുള്ളിൽ പാഡിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്. ബ്ലീഡിംഗായതു കൊണ്ടാണ് പാഡ് ധരിച്ചതെന്നാണ് യുവതി പറഞ്ഞത്.
വിശദമായി പരിശോധിച്ചപ്പോഴാണ് ഒന്നര വയസുമായുള്ള കുട്ടിയുമായെത്തിയ യുവതിയിൽ നിന്നും പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടിയത്. പാന്റ്സിൽ തേച്ചുപിടിപ്പിച്ച സ്വർണമിശ്രിതതും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പിടിയിലായത്. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയിൽ എളുപ്പം പിടികൂടാൻ സാധ്യത കുറവായതിനാലാണ് ഈ രീതി സ്വീകരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലും കണ്ണൂരിൽ വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച സ്വർണം കസ്റ്റംസ് പിടിച്ചിരുന്നു.
ചോക്ലേറ്റിനുള്ളിൽ
ചോക്ലേറ്റിനുള്ളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വർണം പിടികൂടിയിട്ടുണ്ട്.
മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ച് കടത്തുന്നതാണ് പതിവായ രീതി. വസ്ത്രത്തിൽ ബെൽറ്റിന്റെ ഭാഗത്തും മറ്റുംതുന്നിച്ചേർത്തും സ്വർണം കടത്താറുണ്ട്.
കുഞ്ഞുങ്ങളെയും
സ്വർണം കടത്തുന്ന സ്ത്രീകൾ പിഞ്ചുക്കുട്ടികളുമായാണ് എത്തുക. കസ്റ്റംസ് പരിശോധിക്കുന്നതിനിടെ കുട്ടിയെ വേദനിപ്പിച്ച് കരയിപ്പിക്കും.
കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാരണം കസ്റ്റംസ് പരിശോധന വേഗത്തിലാക്കുകയും വിടുമെന്നുള്ള കാഴ്ചപ്പാടുകളാണ് സംഘം കുഞ്ഞുങ്ങളെയും കൂടെ കൊണ്ടുവരുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട്കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലാകുന്നവരിൽ ഏറെയും. കർണാടക, തമിഴ്നാട്, മുംബൈ സ്വദേശികളും പിടിയിലായിട്ടുണ്ട്.
സ്ത്രീകളെയും കുട്ടികളെയും സ്വർണക്കടത്തിന് ഉപയോഗിക്കുന്നതും കൂടി വരികയാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.
മുൻപരിചയമില്ലാത്തവർ
ആർക്കു വേണ്ടിയാണ് സ്വർണം കൊണ്ടുവരുന്നതെന്ന് ഭൂരിഭാഗം കേസുകളിലും സ്വർണക്കടത്തുകാർ അറിയാറില്ല. സ്വർണം ഏല്പിക്കുന്നതും കൈമാറേണ്ടതും മുൻപരിചയമില്ലാത്തവരായിരിക്കും.
2018 ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളത്തിൽ പതിനാറാം ദിവസം തന്നെ ആദ്യ സ്വർണക്കടത്ത് പിടികൂടിയിരുന്നു. രണ്ടു കിലോ സ്വർണവുമായി കതിരൂർ സ്വദേശി പിടിയിലായതാണ് ആദ്യ കേസ്.
2019 ഓഗസ്റ്റ് 19ന് നാലു പേരിൽ നിന്നായി 11.9 കിലോ സ്വർണം പിടികൂടിയതാണ് കണ്ണൂർ വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ട. ആകെ 4.15 കോടി രൂപയുടെ സ്വർണമാണ് അന്ന് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
വിമാനങ്ങളിലും വിമാനത്താവളത്തിലെ ശുചിമുറിയിലും ഉപേക്ഷിക്കപ്പെട്ട നിലയിലും പലതവണ സ്വർണം കണ്ടെടുത്തിട്ടുണ്ട്. പിടിയിലാകുമെന്ന് ഉറപ്പാകുമ്പോൾ ഉപേക്ഷിക്കുന്ന സ്വർണമാണിത്.