കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 466.4 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇന്നലെ രാവിലെ അബുദാബിയിൽ നിന്നെത്തിയ മലപ്പുറം തിരൂർ വളവന്നൂർ സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. 14.29 ലക്ഷം രൂപ വില വരും.
ബാഗേജിലുണ്ടായിരുന്ന സോപ്പിനകത്ത് ബിസ്കറ്റുകളായി കടത്താൻ ശ്രമിക്കുകയായിരുന്നു. 116 ഗ്രാം വീതമുളള നാല് സ്വർണബിസ്കറ്റുകളാണ് പിടികൂടിയത്. അസി.കമീഷണർമാരായ ജോയ് തോമസ്, ഡി.എൻ. പന്ത്, സൂപ്രണ്ടുമാരായ വിനയകുമാർ, ഡാൽട്ടൻ, സി.കെ.രാജ്കുമാർ, ഇൻസ്പെക്ടർമാരായ മഹാദേവ്, മൃദുൽകുമാർ, കെ.പി.ധർമരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.