സ്വന്തംലേഖകന്‍
കോഴിക്കോട്: വിദേശത്ത് നിന്ന് മലദ്വാരം വഴി സ്വര്‍ണം കടത്തുന്നത് തടയാന്‍ നിരീക്ഷണം ശക്തമാക്കി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ). ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് മലദ്വാരത്തിലൂടെ സ്വര്‍ണം വയറിനകത്താക്കി കൊണ്ടുവരാന്‍ യുവാക്കള്‍ കൂടുതലായി രംഗത്തിറങ്ങുന്ന സാഹചര്യത്തിലാണ് പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ ഡിആര്‍ഐ തീരുമാനിച്ചത്.
സ്വര്‍ണക്കടത്ത് മാഫിയ യുവാക്കളെ തേടുന്നതായി “രാഷ്ട്ര ദീപിക’ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരീക്ഷണം ശക്തമാക്കിയത്. വിമാനതാവളത്തില്‍ നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ പുറത്തിറങ്ങുന്ന യുവാക്കളെയാണ് ഡിആര്‍ഐ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത്.
ഇതിനു പുറമേ വിമാനതാവളത്തിനുള്ളില്‍ കസ്റ്റംസും പരിശോധന നടത്തും. തുടര്‍ച്ചയായി വിദേശയാത്ര നടത്തുന്നവരായ യുവാക്കളുടെ നീക്കങ്ങളും പരിശോധിക്കും. ആവശ്യമാണെന്ന് തോന്നിയാല്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം വിമാനതാവളത്തിന് പുറത്തുള്ള ലോഡ്ജുകളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. മലദ്വാരംവഴി സ്വര്‍ണം കടത്തുന്ന യുവാക്കള്‍ ലോഡ്ജില്‍ മുറിയെടുത്താണ് സ്വര്‍ണം പുറത്തെടുത്ത് ഏജന്റുമാര്‍ക്ക് കൈമാറുന്നത്. പണമിടപാടുകളും ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന വന്മാഫിയാസംഘമാണ് യുവാക്കളെ കാരിയര്‍മാരായി ഉപയോഗിക്കുന്നത്. യുവാക്കളെ തെരഞ്ഞെടുത്ത ശേഷം മാഫിയ വിദേശത്തെത്തിക്കുകയും നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് അവിടെവച്ച് ജെല്‍ ഉപയോഗിച്ച് സ്വര്‍ണം വയറിലേക്ക് മലദ്വാരത്തിലൂടെ അടിച്ചു കയറ്റുകയുമാണ് ചെയ്യുന്നത്.
വിദേശത്തുനിന്ന് നാട്ടിലെത്തിയാല്‍ അടുത്തുള്ള ഹോട്ടലില്‍ മുറിയെടുക്കുകയും വയറിളകാനുള്ള മരുന്ന് കഴിച്ച ശേഷം സ്വര്‍ണം പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്. പരിശോധിച്ചാല്‍ എളുപ്പത്തില്‍ സ്വര്‍ണം പിടികൂടാനാവില്ലെന്നതാണ് ഈ രീതി ഇപ്പോള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ അളവിലാണ് ഇപ്രകാരം സ്വര്‍ണം കൊണ്ടുവരുന്നത്. പരമാവധി 500 ഗ്രാമാണ് കൊണ്ടുവരുന്നത്. ഇതിന് 15,000 രൂപ പ്രതിഫലം ലഭിക്കും.