പാലക്കാട്: വാളയാർ ടോൾ പ്ലാസയ്ക്കു സമീപം നികുതി വെട്ടിച്ചു ബസിൽ കടത്തുകയായിരുന്ന 11 കിലോ സ്വർണം പിടികൂടി. പിടികൂടിയ സ്വർണത്തിനു വിപണിയിൽ അഞ്ചുകോടി രൂപ വിലമതിക്കും. സംഭവത്തിൽ രാജസ്ഥാനിലെ നഗൗർ നാവ സ്വദേശി മഹേന്ദ്രകുമാറിനെ (24) പാലക്കാട് എക്സൈസ് സംഘം അറസ്റ്റുചെയ്തു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ടോൾ പ്ലാസയ്ക്കു സമീപം വാഹനപരിശോധനയ്ക്കിടെ കർണാടകയിൽനിന്നും കേരളത്തിലേക്കുവരികയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിൽനിന്നാണ് സ്വർണവുമായി യുവാവിനെ പിടികൂടിയത്.
കൃത്യമായ രേഖകളില്ലാതെയും നികുതി വെട്ടിച്ചുംകടത്തുകയായിരുന്ന സ്വർണം ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. മൂന്നു വലിയ സ്വർണ ബിസ്കറ്റുകളായും 78 ചെറിയ സ്വർണബിസ്കറ്റുകളുമായാണ് സ്വർണം കടത്തിയത്.
സ്വർണം എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നു പിടിയിലായ മഹേന്ദ്രകുമാർ പറഞ്ഞു.തുടർനടപടികൾക്കായും നികുതി ഈടാക്കാനുമായി സ്വർണം സംസ്ഥാന നികുതിവകുപ്പിനു കൈമാറി.