കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി നടന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി അറസ്റ്റിലായ കസ്റ്റംസ് ഇൻസ്പെക്ടർ ഡൽഹി സ്വദേശി രാഹുൽ പണ്ഡിറ്റിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറാണ് സസ്പെന്റ് ചെയ്തത്.
രാഹുലിനെ സഹായിച്ചുവെന്ന് കരുതുന്ന നാലു പേർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസി(ഡിആർഐ)ന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.കോഴിക്കോട് വിമാനത്താവളത്തിൽ പ്രിവന്റീവ് വിഭാഗത്തിൽ ജോലിചെയ്തുവന്ന രാഹുൽ, കുറച്ചുകാലമായി സംശയത്തിന്റെ നിഴലിലായിരുന്നു.
അന്വേഷണ നടപടികളുടെ ഭാഗമായി പലതവണ ഇയാളെ, ബന്ധപ്പെട്ട പല വകുപ്പുകളിലേക്കും മാറ്റിയിരുന്നു. എന്നാൽ, എവിടെ ജോലി ചെയ്യുന്പോഴും സ്വർണക്കടത്തിന്റെ ആസൂത്രകനായി ഇയാൾ പ്രവർത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോയിലധികം സ്വർണം പിടിച്ച കേസിന്റെ തുടരന്വേഷണം ഇയാളിലേക്കാണ് എത്തിയത്. ഇതിനെത്തുടർന്നാണ് കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ആണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.