![](https://www.rashtradeepika.com/library/uploads/2020/07/diplomatic-gold-kadath-1.jpg)
കോഴിക്കോട്: രാജ്യാന്തരതലങ്ങളിലും സംസ്ഥാനത്തും ഏറെ വിവാദം സൃഷ്ടിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ ഏജന്‍സികളേയും അകറ്റി നിര്‍ത്തി കസ്റ്റംസ്. നയതന്ത്ര പരിരക്ഷയുള്ള പാര്‍സലില്‍ കോടികളുടെ സ്വര്‍ണം അനധികൃതമായി കടത്തിയ കേസില്‍ കസ്റ്റംസിന്റെ അന്വേഷണം കൊടുവള്ളിയിലേക്കും നീളുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സാധാരണ പോലീസിന്റെ സഹായം ആവശ്യമെങ്കില്‍ മറ്റുള്ള ഏജന്‍സികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരം സേവനങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല.
കൊടുവള്ളിയിലെ ചില സ്വര്‍ണവ്യാപാരികള്‍ക്കും നയതന്ത്ര പാര്‍സലിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ സുഹൃത്തായ വസ്ത്രവ്യാപാരിയുടെ കൊടുവള്ളി സ്വദേശിയായ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്തതായി അഭ്യൂഹമുയര്‍ന്നു.
കൊടുവള്ളിയിലെ ഒരു സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയോടെ റെയ്ഡ് നടന്നതായും ചില ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി വാര്‍ത്ത പ്രചരിക്കുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ പോലീസിനോ അറിവില്ല. ഒരു സേവനവും കോഴിക്കോട്ടെ സിറ്റി പോലീസിനോടും വടകര റൂറല്‍ പോലീസിനോടും ആവശ്യപ്പെട്ടിരുന്നില്ല. ജില്ലയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനും ഇതു സംബന്ധിച്ചുള്ള ഒരു വിവരവും ലഭിച്ചില്ലെന്നാണ് പറയുന്നത്.
അതീവ രഹസ്യമായാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. നേരത്തെ പല വിവരങ്ങളും പുറത്തുപോയത് സംബന്ധിച്ച് കേന്ദ്രആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു വിവരവും മറ്റു ജില്ലകളിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി പങ്കിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല.