കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. 11 പ്രതികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൽ സിബിഐ ശേഖരിച്ചു.
കേസിൽ ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ബുധനാഴ്ച റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു. 22 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആർഐ പറയുന്നു. പ്രകാശാണ് മലപ്പുറം സ്വദേശി ഹക്കീമിന് സ്വർണം എത്തിക്കുന്നത്. സ്വർണം കടത്തുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി കണ്ടക്ടർ തിരുമല സ്വദേശി സുനിൽകുമാറിന്റെ സുഹ്യത്താണ് പ്രകാശ്.
നാലുതവണ പ്രകാശ് സ്വർണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകനും പ്രതിയുമായ അഭിഭാഷകൻ ബിജു മനോഹറിന്റെയും വിഷ്ണുവിന്റെയും സഹായിയാണ്. പല തവണ ഗൾഫിൽ പോവുകയും ഇവിടെ നിന്നു സ്വർണം കേരളത്തിലേക്ക് കടത്തുകയും ചെയ്തിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളായ അഭിഭാഷകൻ ബിജു മനോഹർ, കഴക്കൂട്ടം സ്വദേശി സിന്ധു, വിഷ്ണു, ഹക്കിം, മുഹമ്മദാലി എന്നിവർ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. സംസ്ഥാനം വിട്ട ഇവർക്ക് ലുക്ക് ഔട്ട് നോട്ടിസ് ഉൾപ്പെടെ ഉള്ളതിനാൽ രാജ്യം വിടാൻ കഴിഞ്ഞിട്ടില്ല. ബിജു ഉൾപ്പെടെയുള്ളവർക്ക് എതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്.
മേയ് 13നാണു 25 കിലോ സ്വർണവുമായി തിരുമല സ്വദേശി കെഎസ്ആർടിസി കണ്ടക്ടർ സുനിൽകുമാർ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആർഐ അറസ്റ്റു ചെയ്തത്.