തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎയുടെ ഒരു സംഘം തലസ്ഥാനത്ത് ക്യാന്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രതിയായ സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന സരിത്തിന്റെ മാതാപിതാക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു.
സ്വർണക്കടത്തിന് തലസ്ഥാനത്തെ പല പ്രമുഖരുടെയും സഹായം ലഭിച്ചെന്ന സന്ദീപിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് കൂടുതൽ പരിശോധന നടത്താൻ തന്നെയാണ് എൻഐഎ തീരുമാനം.
യുഎഇ കോൺസുലേറ്റിലെ ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി വിദേശ കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധന നടത്തിയേക്കും. അതേസമയം സ്വപ്നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസിന് സൂചന ലഭിച്ചു.
അതേസമയം കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കണ്ണികളെ സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്കി. മുന്നൂറിലധികം പേരാണ് പട്ടികയിലുള്ളത്.