മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദമാമിൽനിന്നുള്ള ആദ്യവിമാനത്തിലെ യാത്രക്കാരനിൽനിന്ന് 30 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ഇന്നലെ വൈകുന്നേരം അഞ്ചിന് ദമാമിൽനിന്നെത്തിയ ഗോ എയർ വിമാനയാത്രക്കാരനായ താമരശേരി സ്വദേശി മുഹമ്മദ് സാലിഹിൽ നിന്നാണ് 800 ഗ്രാം സ്വർണം പിടികൂടിയത്.
എൽഇഡി ടോർച്ചിനുള്ളിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ബാറ്ററി മാതൃകയിലുള്ള സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. ഇന്നലെ രാവിലെ മുതലാണ് ദമാമിലേക്ക് വിമാന സർവീസ് ആരംഭിച്ചത്. ദമാമിൽനിന്ന് യാത്രക്കാരുമായി ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ യാത്രക്കാരനിൽനിന്നാണ് സ്വർണം കണ്ടെടുത്തത്.
പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, വി.പി. ബേബി, ഇൻസ്പെക്ടർമാരായ ഹബീബ്, പ്രിയങ്ക, ഗുർമീത്, മനീഷ്, ഹവിൽദാർ തോമസ് എന്നിവർ പങ്കെടുത്തു.