കോഴിക്കോട്: കണ്ണൂര്‍ വിമാനതാവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ കേസില്‍ പിടിയിലായ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സിജെഎം കോടതിയാണ് അഞ്ചു പേരുടേയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിധത്തില്‍ കള്ളക്കടത്ത് നടത്തിയ പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചിരുന്നു.
കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളകുട്ടി, ബാലുശേരി കണ്ണാടിപൊയില്‍ തട്ടാന്‍കണ്ടി കെ.വി.ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍ , കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി , കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ.ജമാലുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്റോഡിലെ താമസക്കാരനായ അര്ജുന് നിവൃത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില് കുനിയില്‍ സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവർ ജാമ്യത്തിലിറങ്ങി. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അംസീര്‍ ഓട്ടപിലാക്കൂല് , മുഹമ്മദ്ബഷീര്‍, പുതുപ്പാടി സ്വദേശി അബ്ദുള്ള മൂഴിക്കുന്നത്ത്,വയനാട് സ്വദേശി അര്‍ഷാദ് കണ്ടര്വീട്ടില് എന്നിവരെ കണ്ണൂര്‍ വിമാനതാവളത്തില്‍ വച്ച് ഡിആര്‍ഐ കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് മുഖ്യപ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.