സ്വന്തംലേഖകന്‍
കോഴിക്കോട്: വിദേശത്തുനിന്ന് സ്വര്‍ണം കടത്താന്‍ യുവക്കളെ തേടി മാഫിയ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന വന്മാഫിയാസംഘമാണ് യുവാക്കളെ അന്വേഷിച്ചിറങ്ങുന്നത്. ദുബായില്‍ നിന്നും മറ്റും മലദ്വാരത്തിലൂടെ സ്വര്‍ണം വയറിനകത്താക്കി കൊണ്ടുവരുന്നതിന് തയാറായ യുവാക്കളെയാണ് ഈ സംഘം അന്വേഷിക്കുന്നത്.
ഇത്തരത്തില്‍ വിദേശത്തുനിന്ന് കോടികളുടെ സ്വര്‍ണം എത്തുന്നുണ്ടെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡിആര്‍ഐ) ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കാനാണ് തീരുമാനിച്ചത്.
സാധാരണ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനാണു മാഫിയ യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോവുന്നത്.
ഇപ്രകാരം കൊണ്ടുപോവുന്ന യുവാക്കള്‍ക്ക് അവിടെ താമസസൗകര്യവും മറ്റു സുഖസൗകര്യങ്ങളും നല്‍കും. തിരിച്ചുപോരുന്നതിനിടെ കൈയില്‍ ബാഗുകള്‍ നല്‍കുകയാണ് പതിവ്. ഈ ബാഗിലുള്ള വസ്തുക്കളിലേതെങ്കിലും രീതിയില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കും. സ്വര്‍ണം ഒളിപ്പിച്ചു വയ്ക്കുന്നത് എവിടെയാണെന്നത് കൊണ്ടുവരുന്ന വാഹകരായ യുവാക്കള്‍ അറിയില്ല. ഈ രീതിയായിരുന്നു വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്നത്.
സ്ഥിരമായി ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം ഡിആര്‍ഐ പിടികൂടുന്നത് പതിവായതോടെയാണ് മാഫിയ സ്വര്‍ണക്കടത്ത് മറ്റൊരു രീതിയിലേക്ക് മാറ്റിയത്. കഞ്ചാവും മറ്റും ജയിലുകളിലേക്ക് വ്യാപകമായി ഈ രീതിയിലായിരുന്നു പ്രതികള്‍ എത്തിക്കാറുള്ളത്. “പെട്ടിയടി’യെന്നാണ് ഇത്തരത്തില്‍ കൊണ്ടുപോവുന്നതിനെ അറിയപ്പെടുന്നത്. സ്വര്‍ണം കൊണ്ടുവരുന്നതിനും പെട്ടിയടിയെന്നാണ് പറയുന്നത്.
യുവാക്കളെ തെരഞ്ഞെടുത്ത ശേഷം മാഫിയ വിദേശത്തെത്തിക്കുകയാണ് ചെയ്യുന്നത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് അവിടെവച്ച് ജെല്‍ ഉപയോഗിച്ച് സ്വര്‍ണം വയറിലേക്ക് മലദ്വാരത്തിലൂടെ അടിച്ചുകയറ്റും. ഇത്തരത്തില്‍ സ്വര്‍ണം വയറിലേക്ക് കയറ്റുന്നതിനായി ഒരു “വിദഗ്ധസംഘം’തന്നെ അവിടെ പ്രവര്ത്തിക്കുന്നുണ്ടെന്നാണറിയുന്നത്. വയറിനുള്ളില്‍ സ്വര്‍ണം കയറ്റിയാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കരുത്.
വിമാനത്താവളത്തിലെത്തിയാല്‍ ഇവരാരും ഒന്നും കഴിക്കാതെ മാറി നില്‍ക്കുകയാണ് ചെയ്യാറുള്ളത്. പിന്നീട് വിമാനത്തിനുള്ളില്‍ കയറും. ചിലര്‍ക്ക് ഇരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാവാറുണ്ട്. ഇത്തരത്തിലുള്ളവര്‍ വിമാനം ടേക്ക് ഓഫ് ചെയ്താല്‍ ഇടയ്ക്കിടെ ബാത്ത്റൂമിലേക്കും മറ്റും പോവുകയാണ് ചെയ്യുന്നത്.
വിമാനം ഇറങ്ങിയാല്‍ അടുത്തുള്ള ഹോട്ടലില്‍ മുറിയെടുക്കുകയും വയറിളകാനുള്ള മരുന്ന് കഴിച്ചശേഷം സ്വര്‍ണം പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്. കോണ്ടത്തില്‍ മിശ്രിതരൂപത്തിലും സ്വര്‍ണം മലദ്വാരത്തിലാക്കി കൊണ്ടുവരുന്നുണ്ടെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. പരിശോധിച്ചാല്‍ എളുപ്പത്തില്‍ സ്വര്‍ണം പിടികൂടാനാവില്ലെന്നതാണ് ഈ രീതി ഇപ്പോള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.
ദേഹപരിശോധനയും മറ്റും നടത്തുന്നതിനിടെ വയറിനുള്ളിലെ സ്വര്‍ണം കണ്ടെത്താന്‍ സാധിക്കുകയില്ല. സ്കാനിംഗോ എക്സ്റേയോ എടുത്താല്‍ മാത്രമേ വയറിനുള്ളിലെ സ്വര്‍ണം കണ്ടെത്താനാവൂ. അതേസമയം അടുത്തിടെ കൊച്ചിയില്‍ ഒരു യുവതിയെ ഇപ്രകാരം സ്വര്‍ണം കൊണ്ടുവന്നതിന് പിടികൂടിയിരുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ സ്വര്‍ണം കടത്തിയിരുന്നത്.