നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി നടക്കുന്ന സ്വർണം കള്ളക്കടത്ത് സംബന്ധിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു. ഇന്നലെ വിമാനത്തിലെ വേസ്റ്റ് ബക്കറ്റിൽനിന്നും 1.91 കോടി രൂപയുടെ സ്വർണം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഉന്നതതല അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെമാത്രം സ്വർണ മിശ്രിതമായി കടത്തിയ നാല് കിലോഗ്രാമോളം സ്വർണമാണ് അധികൃതർ പിടികൂടിയത്. കള്ളക്കടത്തിന്റെ രൂപവും ഭാവവും മാറ്റി ഇതിനോടകം കൂടുതൽ കടത്ത് നടത്തിയിട്ടുണ്ടാകാമെന്നും അധികൃതർ സംശയിക്കുന്നു.
നെടുന്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിയ ജെറ്റ് എയർവേസ് വിമാനത്തിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. വിമാനത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. ഇതിനാൽ മാലിന്യം ശേഖരിക്കുന്ന ഏജൻസികൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്. വർഷങ്ങൾക്കുമുന്പ് ഇത്തരത്തിൽ നടന്ന സ്വർണം കടത്തുകൾക്കു വിമാനത്താവളത്തിലെ വിവിധ ഏജൻസികൾക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
സാധാരണയായി രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ യാത്രക്കാർ മുഴുവൻ ഇറങ്ങിയ ശേഷം കസ്റ്റംസ് വിഭാഗം പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വിമാനത്തിൽ രണ്ടു പായ്ക്കറ്റുകളിലായി എട്ടുകിലോഗ്രാം സ്വർണ മിശ്രിതം കണ്ടെത്തുകയായിരുന്നു. ഇതിൽനിന്നാണ് 1.91 കോടി രൂപ വില വരുന്ന 5.7 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. നടുവേദനയുള്ള രോഗികൾ ധരിക്കുന്ന ബെൽറ്റിലാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇത് വിമാനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
വിമാന ജീവനക്കാർ വഴിയോ വിമാനത്താവളത്തിലെ മറ്റേതെങ്കിലും ജീവനക്കാർ വഴിയോ ഇത് പുറത്തെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ ഇതിനൊപ്പം സ്വർണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നുണ്ട്.
ഇത്തരത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം പുറത്തേക്ക് കടത്താൻ ശ്രമിച്ച നാലു കിലോഗ്രാം സ്വർണം മുന്പ് നെടുന്പാശേരി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. വിവിധ മാർഗങ്ങളിൽ സ്വർണം കടത്താനുള്ള ശ്രമങ്ങൾ നിരന്തരമായി പരാജയപ്പെട്ടതോടെയാണ് സ്വർണക്കടത്ത് മാഫിയ മറ്റു മാർഗങ്ങളിലേക്കു തിരിഞ്ഞത്. ഇപ്പോൾ മറ്റ് വസ്തുക്കൾക്കൊപ്പം കലർത്തി മിശ്രിത രൂപത്തിലാണ് വിദേശത്തുനിന്ന് കൂടുതലായും സ്വർണം ഇന്ത്യയിലേക്ക് കടത്തുന്നത്.
ഇവിടെ എത്തിയശേഷം പ്രത്യേക രാസവസ്തുക്കൾ ഉപയോഗിച്ച് ഇതിൽനിന്നു സ്വർണം വേർതിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. മിശ്രിതരൂപത്തിൽ കൊണ്ടുവരുന്ന സ്വർണം മെറ്റൽ ഡിറ്റക്ടറിൽ പോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് സ്വർണ മിശ്രിതം കടത്തിക്കൊണ്ടു വരുന്നത്. ഇത് പെട്ടെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യം മുതലെടുത്താണ് സ്വർണക്കടത്ത് മാഫിയ സംഘങ്ങൾ പുതിയ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.