തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ജൂവലറി ഉടമയ്ക്കും പങ്കെന്ന് ഡിആർഐക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ഇതേ തുടർന്ന് ജൂവലറി ഉടമയുടെ കോഴിക്കോട്ടെ വീട്ടിലും ഓഫീസിലും ഡിആർഐ സംഘം പരിശോധന നടത്തി. കോഴിക്കോട് സ്വദേശിയായ ജൂവലറി ഉടമ മുഹമ്മദലിക്കാണ് സ്വർണകടത്തിൽ പങ്കുള്ളതെന്ന് ഡിആർഐ സ്ഥിരീകരിച്ചിരിക്കുന്നത്. ഡിആർഐ ഇയാളിലെക്ക് അന്വേഷണം കേന്ദ്രീകരിച്ചതോടെ മുഹമ്മദലി ഒളിവിൽ പോയി.
നേരത്തെ തിരുവനന്തപുരം കോട്ടയ്ക്കകത്ത് ഇദ്ദേഹത്തിന് ജൂവലറി ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹായി ഹക്കിമാണ് കള്ളക്കടത്ത് ് സ്വർണം എത്തിച്ച് നൽകുന്നതിന് ഇടനില നിന്നിരുന്നത്. കഴക്കൂട്ടം സ്വദേശി അഭിഭാഷകനായ ബിജുവിന്റെ നേതൃത്വത്തിലുള്ള കാരിയേഴ്സ് വിദേശത്ത് നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന സ്വർണക്കട്ടികൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു വിമാനത്താവളത്തിന് പുറത്ത് എത്തിച്ചിരുന്നത്.
ഇത്തരത്തിൽ എത്തിയ്ക്കുന്ന സ്വർണ കട്ടികൾ ബിജു മുഹമ്മദലിയുടെ സഹായി ഹക്കിം വഴി നൽകിയിരുന്നുവെന്നാണ് ഡിആർഐയുടെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. അന്വേഷണം മുഹമ്മദലിയിലേക്ക് വ്യാപിച്ചതോടെയാണ് ഇയാളും സഹായികളും ഒളിവിൽ പോയത്.
അന്താരാഷ്ട്ര ബന്ധവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ബന്ധവും സ്വർണക്കടത്തിന് പിന്നിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം സിബിഐക്ക് വിട്ടിരിക്കുകയാണ്. സിബിഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.