തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട . ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിലെ സീറ്റിനുള്ളിൽ നിന്നാണ് രണ്ടു കിലോ സ്വർണം പിടി കൂടിയത്. സ്വർണം കണ്ടെത്തിയ സീറ്റിലിരുന്ന വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനേയും സഹയാത്രക്കാരിയായ പ്രിജി സിമിയേയും ഡിആർഐ ചോദ്യം ചെയ്യുകയാണ്. ഇന്നു രാവിലെ നാലിനാണ് സംഭവം.
ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന എമിറേറ്റ്സ് വിമാനത്തിൽ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പരിശോധന നടത്തുകയായിരുന്നു.
സ്വർണം കണ്ടെത്തിയ സീറ്റിൽ യാത്ര ചെയ്തിരുന്നത് വഞ്ചിയൂർ ക്രൈം എസ്ഐയും വനിതാ സുഹൃത്തുമായിരുന്നു. ഇവരെ ഡിആർഐ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർ രണ്ടുപേരും ദുബായിലേക്ക് പോയതും തിരികെ വന്നതും ഒന്നിച്ച് ടിക്കറ്റെടുത്താണ്.
കൂടാതെ വിമാനത്തിലെ അതേ നിരയിലുണ്ടായിരുന്ന മറ്റു യാത്രക്കാരേയും ചോദ്യം ചെയ്യുന്നുണ്ട്. എസ്ഐ സഫീർ കഴിഞ്ഞ ദിവസങ്ങളിൽ ലീവിലായിരുന്നുവെന്ന വിവരമാണ് ചോദ്യം ചെയ്യലിൽ ലഭിച്ചിരിക്കുന്നത്. ദുബായിൽ എന്താവശ്യത്തിനാണ് പോയതെന്ന അടക്കമുള്ള കാര്യങ്ങൾ ഡിആർഐ പരിശോധിക്കുകയാണ്.
ബന്ധുക്കളെ കാണാൻ ദുബായിൽ പോകുന്നുവെന്നാണ് സഫീർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുത്. കൂടുതൽ വിവരങ്ങൾ എസ്ഐയെ ചോദ്യം ചെയ്ത ശേഷം പറയാമെന്ന് ഡിആർഐ അറിയിച്ചു.