മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള യാത്രക്കാരിയിൽ നിന്ന് സ്വർണം പിടികൂടി. വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും സ്വർണം പിടികൂടിയിരിക്കുന്നത്.
ദോഹയിൽ നിന്ന് പുലർച്ചെ 5.40 ന് എത്തിയ ഇൻഡിഗോ വിമാനയാത്രക്കാരിയായിരുന്നു ഷരീഫ. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിൻ കണ്ടെടുത്തത്. കഴിഞ്ഞ മാസം ഡിആർഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു ദിവസം നാലരക്കോടിയുടെ സ്വർണം യാത്രക്കാരിൽ നിന്ന് പിടികൂടിയിരുന്നു.
കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാർ, ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ സോനിദ് കുമാർ, അശോക് കുമാർ, യൂഗൽ കുമാർ, ജോയ് സെബാസ്റ്റ്യൻ, സന്ദീപ് കുമാർ, ഹവിൽദാർമാരായ പാർവതി, മുകേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്. ഇന്നലെ രാത്രി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച വിദേശ കറൻസിയും വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. മലപ്പുറം അരീക്കോട് സ്വദേശി ശിഹാബുദ്ദീൻ നിന്നാണ് നാലര ലക്ഷത്തോളം രൂപയുടെ കറൻസി പിടികൂടിയത്.