മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1212 ഗ്രാം സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ വടകര ഇടച്ചേരി നോർത്ത് സ്വദേശി സാദിഖിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ഇന്നു പുലർച്ചെ ദുബായിയിൽ നിന്ന് ഗോഎയർ വിമാനത്തിലെത്തിയ യുവാവിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സാദിഖ് ധരിച്ച ഷൂസിനുള്ളിൽ ഷോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പേസ്റ്റ് രൂപത്തിൽ രണ്ടു പേയ്ക്കറ്റുകളാക്കിയായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് പേരിൽ നിന്നായി അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി. ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, രാജു നിക്കുന്നത്ത്, എസ്. നന്ദകുമാർ, ഇൻസ്പെക്ടർമാരായ വി. പ്രകാശൻ, ഗുർമിത്ത് സിംഗ്, കെ. ഹബീബ്, ദിലീപ് കൗശൽ, കെ. ഹബീബ്, മനോജ് യാദവ്, പ്രിയങ്ക, ഹവീൽദാരായ തോമസ് സേവ്യർ എന്നിവർ പങ്കെടുത്തു.