മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന 1,446 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.
ഇന്നലെ അർധരാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് ഷാഫി.ചെക്കിംഗിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,792 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,446 ഗ്രാം സ്വർണമാണ് ലഭിച്ചത്.
പിടികൂടിയ സ്വർണം ആർക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് അന്വേഷിച്ചുവരുകയാണ്. ഇന്നലെ രാവിലെ ഷാർജയിൽ നിന്നെത്തിയ കുമ്പള സ്വദേശിയിൽ നിന്ന് ലേഡീസ് ബാഗിന്റെ കൈ പിടിക്കുള്ളിലും ജീൻസ് പാന്റിന്റെ ബട്ടനുളളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു.
പരിശോധനയിൽ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ. അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.