കോഴിക്കോട്: കണ്ണൂര്‍ വിമാനതാവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ തെളിവുകള്‍ക്കായി ഫോറന്‍സിക് പരിശോധന നടത്തും. മുഖ്യപ്രതികളുടെ മൊബൈല്ഫോണുകളുള്പ്പെടെയുള്ളവയുടെ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഫോറന്‍സിക് പരിശോധനയെ ആശ്രയിക്കുന്നത്.
പലതെളിവുകളും പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവ വീണ്ടെടുക്കുന്നതിനുള്പ്പെടെ ശാസ്ത്രീയ പരിശോധന അഭികാമ്യമാണ്. കൂടാതെ പ്രതികളുടെ മൊബൈല്‍ഫോണിലേക്ക് സ്ഥിരമായി ബന്ധപ്പെടുന്നവരേയും തിരിച്ച് ബന്ധപ്പെടുന്നവരുടേയും വിവരങ്ങളും ശേഖരിച്ചുവരികയാണ്.
ഒരു ദിവസം ആറോളം പേരാണ് വ്യത്യസ്ത സമയങ്ങളിലായി വിദേശത്ത് നിന്നു കള്ളക്കടത്ത് സ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ വന്നിറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് പിടിയിലായ മുഖ്യപ്രതികളുടെ മൊബൈല്‍ഫോണ്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടുമെന്നാണറിയുന്നത്.
പ്രതികളുടെ വിദേശയാത്രാവിവരങ്ങള്ക്കായി പാസ്പോര്‍ട്ട് ഓഫീസുമായും ഡിആര്‍ഐ ബന്ധപ്പെടും. എത്രതവണ വിദേശയാത്ര നടത്തിയെന്നുള്ളതറിയാനാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണം കേരളത്തിലെത്തിച്ചതിനു ശേഷം വിവിധ സ്ഥലങ്ങളിലേക്ക് ഇവ വിതരണം ചെയ്യുന്നുണ്ട്. സ്ഥിരമായി ഈ സ്വര്‍ണം വാങ്ങുന്നവരെ കേന്ദ്രീകരിച്ചും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളകുട്ടി, ബാലുശേരി കണ്ണാടിപൊയില്‍ തട്ടാന്‍കണ്ടി കെ.വി.ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍ , കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി , കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ.ജമാലുദ്ദീന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഡിആര്‍ഐ കോഴിക്കോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്റോഡിലെ താമസക്കാരനായ അര്ജുന് നിവ്രിത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില് കുനിയില്‍ സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവരിപ്പോള്‍ ജാമ്യത്തിലിറങ്ങി. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അംസീര്‍ ഓട്ടപിലാക്കൂല് , മുഹമ്മദ്ബഷീര്‍, പുതുപ്പാടി സ്വദേശി അബ്ദുള്ള മൂഴിക്കുന്നത്ത്,വയനാട് സ്വദേശി അര്‍ഷാദ് കണ്ടര്വീട്ടില് എന്നിവരെ കണ്ണൂര്‍ വിമാനതാവളത്തില്‍ വച്ച് ഡിആര്‍ഐ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇവരില്‍ നിന്നായി 4,15,39,332 രൂപ വിലവരുന്ന 11,294 ഗ്രാം സ്വര്‍ണവും പിടികൂടി. പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യപ്രതികളെ കുറിച്ച് ഡിആര്‍ഐയ്ക്ക് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും മറ്റും ഡിആര്‍ഐ സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ 3.2 കിലോ സ്വര്‍ണവും 17.50 ലക്ഷം രൂപയും പിടികൂടുകയും ചെയ്തിരുന്നു.