മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 66.77 ലക്ഷം രൂപ വരുന്ന 1095.5 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മസ്ക്കറ്റിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചപ്പാരപ്പടവ് കൂവേരി സ്വദേശി ഹമീദ് മുഹമ്മദിൽ (21) നിന്നാണ് കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയത്.
ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ചാണു കടത്താൻ ശ്രമിച്ചത്. പിടികൂടുമ്പോൾ 1216 ഗ്രാം സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1095 ഗ്രാമാണ് ലഭിച്ചത്.
കസ്റ്റംസ് അസി. കമ്മിഷണർ ഇ. വികാസ്,സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, പി.കെ.ഹരിദാസൻ, ഇൻസ്പെക്ടർ രാജൻ റായി,ഹെഡ് ഹവൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ സജിത്ത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.