നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ മൂന്ന് യാത്രക്കാരിൽ നിന്നായി 51 ,16 ,935 രൂപയുടെ സ്വർണ എയർ കസ്റ്റംസ് ഇൻന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽനിന്നും വന്ന കോഴിക്കോട് സ്വദേശി സഖറിയയിൽ നിന്നാണ് 11,63,981 രൂപ വിലയുള്ള 216 ഗ്രാം സ്വർണം പിടിച്ചത്. ഇയാൾ ധരിച്ചിരുന്ന ജീൻസിന്റെ അകത്ത് അഞ്ച് സ്വർണ്ണ ബട്ടണുകൾ തുന്നിപിടിപ്പിച്ചിരുന്നു. ഒരു മോതിരവും ഒരു ഹെയർ ക്ലിപ്പും ഈ യാത്രക്കാരനിൽ നിന്നും കണ്ടെടുത്തു.
ഷാർജയിൽനിന്നും വന്ന ചേർപ്പുളളശ്ശേരി സ്വദേശി ഇസ്മായിലിൽ നിന്നാണ് 232.95 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചത്. ഇതിന് 12,55,321 രൂപ വില വരും. ഒരു മാലയും മൂന്ന് മോതിരവുമാണ് ഇയാളിൽ നിന്ന് പിടിച്ചത്.
ബാങ്കോഗിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശി ഹിസ്മാൻ മാർഷാദിൽ നിന്നാണ് 500.6 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചത്. സോക്സിൽ ഒളിപ്പിച്ചിരുന്ന രണ്ട് മാലയും രണ്ട് വളയുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത് പിടിച്ച സ്വർണ്ണത്തിന് 26,97,633 രൂപ വില വരും.
സമീപകാലയളവിൽ ഒരേ ദിവസം തുടർച്ചയായി നെടുമ്പാശേരിയിൽ മൂന്ന് കള്ളക്കടത്ത് പിടിക്കപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്.