കോഴിക്കോട്: കണ്ണൂര്‍ വിമാനതാവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതികളായ അഞ്ചുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ ) പിടികൂടി. കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളകുട്ടി, ബാലുശേരി കണ്ണാടിപൊയില്‍ തട്ടാന്‍കണ്ടി കെ.വി.ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍ , കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി , കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ.ജമാലുദ്ദീന്‍ എന്നിവരെയാണ് ഡിആര്‍ഐ കോഴിക്കോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്റോഡിലെ താമസക്കാരനായ അര്ജുന് നിവ്രിത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില് കുനിയില്‍ സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇവര്‍ ജാമ്യത്തിലിറങ്ങി. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി അംസീര്‍ ഓട്ടപിലാക്കൂല്, മുഹമ്മദ്ബഷീര്‍, പുതുപ്പാടി സ്വദേശി അബ്ദുള്ള മൂഴിക്കുന്നത്ത്, വയനാട് സ്വദേശി അര്‍ഷാദ് കണ്ടര്വീട്ടില് എന്നിവരെ കണ്ണൂര്‍ വിമാനതാവളത്തില്‍ വച്ച് ഡിആര്‍ഐ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
ഇവരില്‍ നിന്നായി 4,15,39,332 രൂപ വിലവരുന്ന 11,294 ഗ്രാം സ്വര്‍ണവും പിടികൂടി. പ്രതികളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മുഖ്യപ്രതികളെ കുറിച്ച് ഡിആര്‍ഐയ്ക്ക് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും മറ്റും ഡിആര്‍ഐ സംഘം പരിശോധന നടത്തിയിരുന്നു.
പരിശോധനയില്‍ 3.2 കിലോ സ്വര്‍ണവും 17.50 ലക്ഷം രൂപയും പിടികൂടുകയും ചെയ്തു. തെളിവുകള്‍ പരിശോധിച്ചതിനു ശേഷമാണ് അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ വിമാനതാവളം വഴി മാത്രം കോടികളുടെ സ്വര്‍ണം കേരളത്തിലേക്ക് എത്തിച്ചതായാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡിആര്‍ഐ ശേഖരിച്ചുവരികയാണ്.
അതേസമയം കണ്ണൂരില്‍ സ്വര്‍ണക്കള്ളക്കടത്ത് പിടികൂടുകയും ക്യാരിയര്‍മാരെ ചോദ്യം ചെയ്യുകയും ചെയ്തതിനു പിന്നാലെ മുഖ്യപ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനും തുടങ്ങിയിരുന്നു. ഇന്നലെ ഡിആര്‍ഐ സംഘം പരിശോധനക്കായി പുലര്‍ച്ചെ നാലിനു തന്നെ മുഖ്യപ്രതികളിലൊരാളുടെ താമസസ്ഥലത്തെത്തിയെങ്കിലും മൂന്നു മണിക്കൂറിന് ശേഷമാണ് ഇയാള്‍ പുറത്തുവന്നത്.
മൊബൈല്‍ഫോണ്‍ ഹാമറുപയോഗിച്ച് അടിച്ചുതകര്‍ക്കുകയും മറ്റു തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നതായും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളക്കടത്ത് സ്വര്‍ണം സ്ഥിരമായി വാങ്ങുന്നവരെ കേന്ദ്രീകരിച്ചും ഡിആര്‍ഐ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളംവഴി ഒരു ദിവസം എത്തിക്കുന്നത് ആറുകോടിയുടെ സ്വര്‍ണം
കോഴിക്കോട്: കണ്ണൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡിആര്‍ഐ)യ്ക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരം. ഒരു ദിവസം മാത്രം ആറുകോടി രൂപയുടെ സ്വര്‍ണം കേരളത്തിലെത്തിക്കുന്നുണ്ടെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
ദുബൈ, ഷാര്‍ജ, റിയാദ് തുടങ്ങി വിദേശരാജ്യങ്ങളില്‍ നിന്നായി വ്യത്യസ്ത സമയങ്ങളിലായാണ് സ്വര്‍ണക്കടത്ത് നടത്തുന്നത്. ഇതിനായി ഓരോ ക്യാരിയര്മാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ക്യാരിയര്‍ ഒരു കോടിയുടെ വരെ സ്വര്‍ണമാണ് ഒരു ദിവസം കടത്തുന്നത്.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമാണ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സംഘം വന്‍തോതില്‍ സ്വര്‍ണം കടത്താന്‍ തുടങ്ങിയത്. മലയാളികള്ക്കുപുറമേ ഇതരദേശത്തുള്ളവരും ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു.