സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട.
ഇന്നു പുലര്‍ച്ചെ ഒന്നിന് എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യുവതിയടക്കം രണ്ട് യാത്രക്കാരനില്‍നിന്ന് 2.3 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം 77 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചിരുന്നു.തലശേരി പെരങ്കളം വലിയ പറമ്പത്ത് ജസീല(27), കോഴിക്കോട് കൊടുവളളി ചൂണപ്പുരം മുഹമ്മദ് അസീബ്(26) എന്നിവരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.
അടിവസ്ത്രത്തിലെ പാഡിനുള്ളിൽ ഒളിപ്പിച്ചാണ് ജസീല സ്വര്‍ണം എത്തിച്ചത്. 1640 ഗ്രാം സ്വര്‍ണമാണ് ജസീലയില്നിന്നു കണ്ടെടുത്തത്. മിശ്രിത രൂപത്തിലുളള സ്വര്‍ണം പാഡിനുള്ളിൽ പൊതിഞ്ഞനിലയിലായിരുന്നു.
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് അസീബ് സ്വര്‍ണം കൊണ്ടുവന്നത്. മൂന്ന് ഗുളിക രൂപത്തിലാണ് സ്വര്‍ണമുണ്ടായിരുന്നത്. 660 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കോഴിക്കോടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇരുവരും ഗ്രീന്‍ ചാനല്‍ വഴി പുറത്തിറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്നു ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്.
കോവിഡിനെ തുടര്‍ന്ന് കസ്റ്റംസിനു പരിശോധന ഏറെ ശ്രമകരമാണ്. ഇത് മുതലെടുക്കാനാണ് കള്ളക്കടത്തുകാര്‍ ശ്രമിക്കുന്നത്. പിടികൂടിയ സ്വര്‍ണത്തിന് 90 ലക്ഷം രൂപ വില ലഭിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.
കരിപ്പൂരില്‍ കഴിഞ്ഞ ദിവസം എമര്‍ജന്‍സി ലാമ്പിനുളളില് ഒളിപ്പിച്ചു കടത്തിയ 77 ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് സ്വദേശി മാളിയേക്കല്‍ സക്കീറില്നിന്നു പിടികൂടിയിരുന്നു.
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണ്‍,സൂപ്രണ്ട് കെ.കെ.പ്രവീണ്‍ കുമാര്‍,ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍,സന്തോഷ് ജോണ്‍,ഡി.സജിന്‍,ഹവീല്‍ദാര്‍ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.