തിരുവനന്തപുരം: വിമാനത്താവള പരിസരത്ത് തമിഴ്നാട് സ്വദേശിയിൽ നിന്നു സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുത്തു. നാഗർകോവിൽ സ്വദേശികളാണ് പ്രതികൾ. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സിംഗപ്പൂരിൽ നിന്ന് എത്തിയ യാത്രക്കാരി സ്വർണക്കടത്ത് സംഘത്തിന് വേണ്ടി കൊണ്ടു വന്ന ആറ് പവൻ സ്വർണാഭരണങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്. സ്വർണകടത്ത് സംഘത്തിന്റെ നിർദേശാനുസരണം യാത്രക്കാരിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം ചെന്നൈയിലുള്ള സ്വർണകടത്ത് സംഘത്തിന് എത്തിച്ച് കൊടുക്കാനെത്തിയ തമിഴ്നാട് സ്വദേശിയായ തങ്കപാണ്ഡിയിൽ നിന്നാണ് മറ്റൊരു സംഘത്തിൽപ്പെട്ട പ്രതികൾ സ്വർണം തട്ടിയെടുത്തതെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണാഭരണങ്ങൾ അപഹരിച്ച ശേഷം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. വാഹനങ്ങളുടെ നന്പർ കേന്ദ്രീകരിച്ചും സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.