തലശേരി: തലശേരി നഗരമധ്യത്തിൽ പട്ടാപ്പകൽ സ്വർണവ്യാപാരിയെ തലയ്ക്കടിച്ച് വീഴ്ത്തി 76 പവൻ സ്വർണ്ണക്കട്ടി കൊള്ളയടിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. സ്വർണക്കട്ടിയും പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.
എ.വി.കെ.നായർ റോഡിലെ പോളി ലാബിനടുത്ത് സോന ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമിനെ അക്രമിച്ച് സ്വർണക്കട്ടി കവർന്ന കേസിലെ പ്രതികളായ കൂത്തുപറമ്പ് നിർമലഗിരി സ്വദേശികളായ കല്ലുള്ളക്കണ്ടി വീട്ടിൽ രഞ്ജിത്ത് (25), തയ്യിൽ വീട്ടിൽ സുരലാൽ (31) എന്നിവരെയാണ് തലശേരി ഡിവൈഎസ്പി കെ.വി വേണുഗോപാൽ, എസ്ഐമാരായ പി.എസ്.ഹരീഷ്, ബിനു മോഹൻ, ബിജു, അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കവർന്നെടുത്ത സ്വർണക്കട്ടി സുരലാലിന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. രഞ്ജിത്തിനെ കോഴിക്കോട് നിന്നും സുരലാലിലെ കൂത്തുപറമ്പിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. കവർച്ചയ്ക്ക് ശേഷം എരഞ്ഞോളി, കൊളശേരി വഴി മമ്പറത്ത് എത്തിയ സംഘം അവിടെ നിന്ന് പിരിയുകയായിരുന്നു.
തുടർന്ന് മൈസൂരുവിലെത്തിയ ഇവർ ആഘോഷങ്ങൾക്കു ശേഷം തിരിച്ചെത്തിയപ്പോഴാണ് പോലീസ് വലയിലാക്കിയത്. ഓപ്പറേഷൻ സംഘത്തിലുണ്ടായിരുന്ന റമീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബംഗളൂരുവിലാണ് റമീസ് അവസാനം എത്തിയിട്ടുള്ളത്. ഇവിടെവച്ച് മൊബൈൽ ഓഫ് ചെയ്ത റമീസ് ഒളിവിൽ പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് തലശേരി പുതിയ ബസ്സ്റ്റാൻഡിനടുത്ത മേലൂട്ട് മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിന് പിന്നിലുള്ള ഇടറോഡിൽ വച്ച് സിനിമാ മോഡൽ അക്രമവും കവർച്ചയും നടന്നത്. വീട്ടിൽ നിന്ന് സ്കൂട്ടറിൽ കടയിലേക്ക് പോകുന്നതിനിടയിലാണ് ശ്രീകാന്ത് കവർച്ചയ്ക്കിരയായത്. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെയും തൊണ്ടി മുതലും കണ്ടെടുത്ത് തലശേരി പോലീസ് ജനങ്ങൾക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.