തൃശൂർ: നഗരത്തിൽ വൻ സ്വർണക്കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടു പോകുന്നതിനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്പോഴാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.
വെള്ള നിറത്തിലുള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ പതിവായി കൊണ്ട് പോകാറുണ്ട്.
ഇത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.