വൈപ്പിന്‍: മാസ്ക് പോലും ധരിക്കാതെ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ എത്തിയയാൾ കടയിലെ സെയില്‍സ് ഗേള്‍ നോക്കിനില്‍ക്കേ രണ്ടു പവന്റെ സ്വര്‍ണമാലയും കവര്‍ന്ന് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഞാറയ്ക്കല്‍ മെജസ്റ്റിക് തിയറ്ററിനു മുന്നിലുള്ള അതുല്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ജ്വല്ലറിയില്‍ കയറിയ യുവാവ് ആദ്യം മോതിരം ആവശ്യപ്പെട്ടു. ഈ സമയം ജ്വല്ലറിയില്‍ സെയില്‍സ് ഗേള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മോതിരം നോക്കുന്നതിനിടെ രണ്ടു പവന്റെ സ്വര്‍ണമാല കൂടി ആവശ്യപ്പെട്ടു. മാല ഇഷ്ടപ്പെട്ടെന്നു പറഞ്ഞതിനെത്തുടര്‍ന്നു സെയില്‍സ് ഗേള്‍ തൂക്കം നോക്കി വില കണക്കാക്കാനൊരുങ്ങി. ഇതിനിടെ മോഷ്ടാവ് മാലയെടുത്തു കഴുത്തിലണിഞ്ഞു.
എതിര്‍വശത്തെ കണ്ണാടിയില്‍ നോക്കി അല്പനേരം നിന്നശേഷം യാതൊരു കൂസലുമില്ലാതെ ഗ്ലാസ് ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. സെയില്‍സ് ഗേള്‍ അമ്പരപ്പോടെ ഓടി കടയ്ക്കു പുറത്തെത്തിയപ്പോഴേക്കും മോഷ്ടാവ് അവിടെ നിർത്തിയിരുന്ന നീലനിറത്തിലുള്ള ഡിയോ സ്കൂട്ടറില്‍ സ്ഥലംവിട്ടിരുന്നു.
ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ ഇതെല്ലാം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഞാറയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി സിസിടിവിയിൽനിന്നു മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചു. മോഷ്ടാവ് വന്നതും പോയതുമായ ദിശ അറിയാനായി സമീപമേഖലകളിലെ സിസിടിവികളും പരിശോധിക്കുന്നുണ്ട്.
മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തെഫ്റ്റ് സ്ക്വാഡിലേക്ക് ഇയാളുടെ ചിത്രങ്ങളും മറ്റും കൈമാറിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.