സിചുവാൻ (ചൈന): സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തന്റെ ബെസ്റ്റ് ഫ്രണ്ടായി സഹപാഠികളിൽ ഒരാളെ തെരഞ്ഞെടുക്കുന്നതും അവരോടു കൂടുതൽ അടുപ്പം കാട്ടുന്നതും സാധാരണമാണ്. ഇഷ്ടം കൂടിയാൽ തന്റേതായ പലതും അവർക്കു ഗിഫ്റ്റായി നൽകിയെന്നും വരാം. പക്ഷേ, ചൈനയിലെ കിൻഡർ ഗാർഡൻ വിദ്യാർഥിയായ നാലു വയസുകാരന്റെ ഇഷ്ടത്തെക്കുറിച്ചും അവൻ നൽകിയ സമ്മാനത്തെക്കുറിച്ചും അറിഞ്ഞാൽ അന്ധാളിച്ചു പോകും.
തന്റെ സഹപാഠിയായ പെൺകുട്ടിയോടാണു നാലു വയസുകാരന് ഇഷ്ടം തോന്നിയത്. വെറും ഇഷ്ടമല്ല. തന്റെ ഭാവിവധുവായാണ് പെൺകുട്ടിയെ പയ്യൻ സങ്കൽപ്പിച്ചത്. അവിടംകൊണ്ടും നിന്നില്ല. ഒരു ദിവസം വീട്ടിൽനിന്നു സമ്മാനപ്പൊതി കൊണ്ടുവന്നു പെങ്കൊച്ചിനു കൊടുത്തു. പൊതിയിൽ എന്തായിരുന്നുവെന്നല്ലേ, 12.5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന തനിതങ്കക്കട്ടികൾ!
പെൺകുട്ടി വീട്ടിലെത്തി സമ്മാനം മാതാപിതാക്കളെ കാണിച്ചപ്പോഴാണു പൊതിയിൽ സ്വർണമാണെന്നു മനസിലായത്. 100 ഗ്രാമിന്റെ രണ്ടു സ്വർണക്കട്ടികൾ പൊതിയിലുണ്ടായിരുന്നു. അത്ഭുതപ്പെട്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മാനം നൽകിയ നാലു വയസുകാരന്റെ രക്ഷിതാക്കളെ ബന്ധപ്പെട്ടു. സംഭവം വിശദീകരിച്ചശേഷം സ്വർണക്കട്ടികൾ തിരിച്ചുനൽകുമെന്ന് ഉറപ്പും നൽകി.
നാലുവയസുകാരന്റെ കൈവശം സ്വർണക്കട്ടി വന്നത് എങ്ങനെയെന്നറിഞ്ഞപ്പോൾ അതു കൂടുതൽ കൗതുകമായി. വീട്ടിൽ സ്വർണക്കട്ടി ഉള്ള വിവരം മാതാപിതാക്കൾ കുട്ടിയോടു നേരത്തെ പറഞ്ഞിരുന്നു. ഭാവിയിലെ നിന്റെ ഭാര്യക്കുള്ള സമ്മാനമായാണ് സ്വർണക്കട്ടി സൂക്ഷിച്ചിരിക്കുന്നതെന്നും അവർ മകനെ അറിയിച്ചിരുന്നു. അക്കാര്യം മനസിൽ പതിഞ്ഞ കുട്ടി തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടപ്പോൾ അതു സമ്മാനമായി നൽകുകയായിരുന്നുവെന്നു വ്യക്തം.
കിൻഡർ ഗാർഡൻ വിദ്യാർഥിനിയായ മകൾ “വിവാഹസമ്മാന’വുമായി നിൽക്കുന്ന വീഡിയോ അവളുടെ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചൈനയിൽ മാത്രമല്ല, ലോകമാകെ വീഡിയോ ചിരിപടർത്തിയിരിക്കുകയാണ്.