നെടുന്പാശേരി: വിവിധ കേസുകളിലായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് 2086 ഗ്രാം സ്വർണം പിടികൂടി. മൂന്ന് യാത്രക്കാർ ഉൾപ്പെടെ അഞ്ചുപേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഖത്തറിൽനിന്നും വന്ന കോഴിക്കോട് പേരാന്പ്ര സ്വദേശിയിൽനിന്നും ഒരു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
ഈ സ്വർണം വാങ്ങികൊണ്ടുപോകാൻ പുറത്തു കാത്തുനിന്ന ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുബായിൽനിന്നുംവന്ന മലപ്പുറം സ്വദേശിയിൽനിന്ന് 336 ഗ്രാം സ്വർണവും പിടിച്ചു. മിക്സിയുടെ കോയിലിനുള്ളിൽ ഉരുക്കി ഒഴിച്ചാണു ഇയാൾ സ്വർണം കൊണ്ടുവന്നത്.
ഇയാളെ കാത്തുനിന്ന തമിഴ്നാട് സ്വദേശിയെയും പിടികൂടിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിയിൽനിന്നും 1.10 ലക്ഷം രൂപയും പിടിച്ചിട്ടുണ്ട്. മൂന്നാമത്തെ കേസിൽ പാലക്കാട് ചാലിശേരി സ്വദേശിയിൽനിന്നും 750 ഗ്രാം സ്വർണം പിടിച്ചു. കന്പി രൂപത്തിലാണു സ്വർണം കൊണ്ടുവന്നത്. ബഹ്റിൻനിന്നുമാണ് ഇയാൾ എത്തിയത്. 2086 ഗ്രാം സ്വർണത്തിനായി 65 ലക്ഷം രൂപ വിലവരും.