നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച മൂന്നു കിലോഗ്രാം സ്വർണം ഇന്നു പുലർച്ചെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇതിന് ഇന്ത്യൻ മാർക്കറ്റിൽ 159 ലക്ഷം രൂപ വില വരും.
മൂന്നു യാത്രക്കാരിൽനിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് മൂന്ന് യാത്രക്കാരും സ്വർണം കടത്താൻ ശ്രമിച്ചത്.
യാത്രക്കാർ ദുബായിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയവരാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. എയർ ഏഷ്യ എയർലൈൻസ്,
എയർ അറ്യേബ്യ എയർലൈൻസ്, എമറേറ്റ്സ് എയർലൈൻസ് എന്നീ വിമാനങ്ങളിലാണ് പിടിയിലായ മൂന്നു യാത്രക്കാരും ദുബായിൽനിന്നും നെടുന്പാശേരിയിലെത്തിയത്. കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ യാത്രാക്കാരുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഒക്ടോബർ 26 മുതലുള്ള നാല് ദിവസങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 12.5 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയിട്ടുള്ളത്.
ഈ സ്വർണത്തിന് ഇന്ത്യൻ മാർക്കറ്റിൽ 6.56 കോടി രൂപ വില വരും. ഗൾഫ് മേഖലയിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തിൽ എത്തിയ 15 യാത്രക്കാരിൽ നിന്നായിട്ടാണ് ഇത്രയും സ്വർണം പിടികൂടിയത്.