നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ഷൂസിനകത്ത് ഒളിപ്പിച്ചുവച്ചിരുന്ന 340.94 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി രാജേഷ് എന്ന യാത്രക്കാരനാണ് സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
ഇന്നലെ വിമാനത്താവളത്തിലെ ശുചിമുറിയില്‍ വച്ച് ഒരു യാത്രക്കാരനില്‍ നിന്ന് 51.97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടികൂടുന്നുണ്ട്.