നെടുമ്പാശേരി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഇന്ന് പുലർച്ചെ റിയാദിൽനിന്നും ബഹ്റൈൻ വഴി നെടുമ്പാശേരിയിലെത്തിയ ജിഎഫ് 270 നമ്പർ ഗൾഫ് എയർ വിമാനത്തിൽ യാത്രചെയ്ത മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്.
ഇയാളുടെ ചെക്ക്-ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോൾ അതിനകത്ത് ബ്ലൂടൂത്ത് സ്പീക്കർ സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ സ്പീക്കറിന്റെ ഓരോ കോറിനുള്ളിലും 1350.40 ഗ്രാം ഭാരമുള്ള രണ്ട് സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കട്ടികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതിന് ആഭ്യന്തര വിപണിയിൽ 84,69,601 രൂപ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
രാജ്യത്ത് സ്വർണ വില റെക്കോർഡിൽ എത്തിയതോടെ വിമാനത്താവളങ്ങൾ വഴിയുള്ള അനധികൃത സ്വർണക്കടത്തും വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.