നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർകാർഗോ മുഖേന അനധികൃതമായി കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടി.
സാധാരണ നടത്തുന്ന പരിശോധനയിൽ എയർകാർഗോയിലെ കസ്റ്റംസിന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടിയത്.
ടൈഗർ ബാം ടിന്നിന്റെ അടപ്പിനകത്തും ചുരിദാർ കോളറിനകത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതാദ്യമായാണ് എയർകാർഗോ മുഖേന സ്വർണം കടത്താനുള്ള ശ്രമം കണ്ടെത്തുന്നത്.
എയർകാർഗോ മുഖേന വൻതോതിൽ സ്വർണം കടത്തുന്നതിനുമുന്പ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ശ്രമമാണ് ഇതെന്ന് കസ്റ്റംസ് സംശയിക്കുന്നു.
കാർഗോയിൽ എത്തിയ സ്വർണം അടക്കമുള്ള സാധനങ്ങൾ എടുക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കാസർഗോഡ് സ്വദേശിയെ കസ്റ്റംസ് പിടികൂടി.