നെടുന്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഇന്ന് പുലർച്ചെ 85 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ചുകൊണ്ടുവന്ന 22 സ്വർണ ബിസ്കറ്റുകളാണ് കണ്ടെടുത്തത്. ഇതിന്റെ മൊത്തം തൂക്കം 2566 ഗ്രാമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
116.6 ഗ്രാം തൂക്കം വരുന്നതാണ് ഓരോ ബിസ്കറ്റുകളും. ദുബായിയിൽ നിന്നും വന്ന കാസർഗോഡ് സ്വദേശിയായ ഹാരിസ് അഹമ്മദ് (30) എന്നയാളുടെ ലാപ്ടോപ്പിനകത്തു നിന്നാണ് സ്വർണം പിടികൂടിയത്. പുലർച്ചെ 5.10ന്റെ ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ വന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കഴിഞ്ഞ നാലുമാസമായി നാലുതവണ ഇയാൾ ദുബായിയിൽ പോയിവന്നതായി കസ്റ്റംസ് അധികൃതരോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്വർണം കണ്ടുകെട്ടി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.