കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 48,000 രൂപ കടന്ന് പിടിതരാതെ പൊന്നിന്റെ വില കുതിക്കുകയാണ്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,010 രൂപയും പവന് 48,080 രൂപയുമായി. ഇന്നലത്തെ സര്‍വകാല റിക്കാര്‍ഡായ പവന് 47,760 രൂപയാണ് ഇന്ന് ഭേദിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവിലയും സര്‍വകാല റിക്കാര്‍ഡില്‍ മുന്നേറുകയാണ്. 2150 ഡോളറാണ് ഇന്ന്.
ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അസ്ഥിരതയാണ് സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതി രൂക്ഷമാവുകയാണ്. പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് കാലതാമസം ഉണ്ടാകുന്നു.
വന്‍കിട നിക്ഷേപകര്‍ അടക്കമുള്ളവര്‍ ഓഹരിയിലോ, റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപിക്കാതെ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപ താത്പര്യം കാണിക്കുന്നുമുണ്ട്. ലോകത്ത് ഇപ്പോള്‍ വിശ്വസിക്കാവുന്ന നിക്ഷേപം സ്വര്‍ണം മാത്രമേ ഉള്ളൂ. ഈ സാഹചര്യങ്ങളാണ് സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നത്.
2021ല്‍ 2076 ഡോളര്‍ വരെയും അതിനുശേഷം ശക്തമായ തിരുത്തല്‍ വന്നുവെങ്കിലും 2023 ഡിസംബറില്‍ 2142 ഡോളര്‍ വരെയും അന്താരാഷ്ട്ര വില പോയിട്ടുണ്ടായിരുന്നു. ഫലത്തില്‍ കഴിഞ്ഞ 14 വര്‍ഷത്തിനിടെ അന്താരാഷ്ട്ര സ്വര്‍ണവില 250 ഡോളര്‍ മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.
ഈ കാലയളവിനുള്ളില്‍ നമ്മുടെ വിപണിയില്‍ 120 ശതമാനത്തിലധികം വില വര്‍ധനയുണ്ടായി. അതിനുള്ള പ്രധാന കാരണം രൂപയുടെ മൂല്യത്തില്‍ 84 ശതമാനത്തോളം ഇടിവുണ്ടായതും, ഇറക്കുമതി ചുങ്കം 15 ശതമാനമായി മാറിയതുമാണ്. സ്വര്‍ണത്തിന് ഇത്രമാത്രം വിലവര്‍ധന ഉണ്ടായാലും സ്വര്‍ണത്തോടുള്ള ഭ്രമം അവസാനിക്കുന്നില്ല.
പുതിയ തലമുറ പൊലിമ കുറച്ചിട്ടുണ്ടെങ്കിലും കോയിനുകളായും ബാറുകളായും സ്വര്‍ണം നിക്ഷേപമായി കരുതിവയ്ക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ വിലവര്‍ധന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സ്വര്‍ണവില 2500 ഡോളറില്‍ എത്തുമെന്നുള്ള പ്രവചനങ്ങളാണ് വരുന്നത്.
സീമ മോഹന്‍ലാല്‍