കൊണ്ടോട്ടി: ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് വലയിലായതായി സൂചന.
ആറ് പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനെത്തിയ മൂന്ന് വാഹനങ്ങളും തിരിച്ചറിഞ്ഞു.അറസ്റ്റ് വൈകാതെയുണ്ടാകും. കേസില്‍ പത്ത് പേരുണ്ടെന്നാണ് സൂചന.
താമരശേരി കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. വധശ്രമത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.യാത്രക്കാരന്‍ കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസിനെ തട്ടിക്കൊണ്ടുപോയ വാഹനത്തക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇത് മുന്‍നിര്‍ത്തിയാണ് പ്രതികളിലേക്ക് പോലീസിന് എത്തിയത്.പ്രതികള്‍ ഒളിവിലാണെങ്കിലും പോലീസ് വലയത്തിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസ് നല്‍കിയ മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റിയാസിനെ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊണ്ടോട്ടി അരീക്കോട് റോഡില്‍ കാളോത്ത് വച്ച് സ്വര്‍ണകാരിയറെന്ന സംശയത്തില്‍ സംഘം റിയാസിനെ തട്ടിക്കൊണ്ടുപോയത്.
അതേസമയം സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ റിയാസ് പോലീസില്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. റിയാസ് ഗള്‍ഫില്‍ വച്ച് സ്വര്‍ണം കൈമാറിയതാണെന്ന് ആദ്യം പോലീസില്‍ മൊഴി നല്‍കിയത്.
എന്നാല്‍ സ്വര്‍ണം ഇയാള്‍ മറിച്ച് വിറ്റതാണെന്ന് പോലീസിന് സൂചന ലഭിച്ചു. ദുബായിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ സമീപിച്ച സ്വര്‍ണക്കടത്ത് സംഘം 30,000 രൂപയ്ക്ക് സ്വര്‍ണം കൊണ്ടുപോകാന്‍ റിയാസിനോട് ആവശ്യപ്പെട്ടിരുന്നു.
ശരീരത്തില്‍ ഒളിപ്പിക്കാന്‍ മൂന്ന് സ്വര്‍ണ ഗുളിഗകളാണ് നല്‍കിയത്.എന്നാല്‍ സ്വര്‍ണം നികുതി അടച്ച് കൊണ്ടുപോകാനാണ് റിയാസ് തയാറുളളുവെന്ന് അറിയിച്ച കളളക്കടത്ത് സംഘത്തിന് ദുബായിയില്‍ വച്ച് തന്നെ സ്വര്‍ണം തിരികെ നല്‍കി കരിപ്പൂരിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഈ കഥയിലാണ് പോലീസ് സംശയിക്കുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന റിയാസിനെ ഇന്നലെ പൊലീസ് വീണ്ടും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.