ഇ. അനീഷ്
കോഴിക്കോട്: സ്വര്‍ണക്കടത്തിനു കാരിയര്‍മാരായി സ്ത്രീകളെ ഉള്‍പ്പെടെ ഉപേയാഗിച്ചു കൂടുതല്‍ ശക്തമായി സ്വര്‍ണക്കടത്ത് മാഫിയ പറന്നിറങ്ങുന്നു.
ക്രിസ്മസ്-പുതുവത്സര രാവുകള്‍ക്കു മാറ്റുകൂട്ടാനുള്ള പദ്ധതികളാണ് നടക്കുന്നതെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുമ്പോഴും ആള്‍ക്ഷാമവും ‘വേലി തന്നെ വിളവു’ തിന്നതും മൂലം കസ്റ്റംസ് ഉറക്കം നടിക്കേണ്ട അവസ്ഥയാണ്.
പെട്ടത് ആറ് ഉദ്യോഗസ്ഥർ!
ആറ് ഉദ്യോഗസ്ഥരാണ് സ്വര്ണമാഫിയകള്ക്ക് ഒത്താശ ചെയ്തു, കൃത്യവിലോപം നടത്തുകയും ചെയ്തു എന്ന കുറ്റത്തിനു വീട്ടില്‍ കഴിയുന്നത്. പൊതുവേ ഉദ്യോഗസ്ഥക്ഷാമം മൂലം പൊറുതിമുട്ടുന്ന കസ്റ്റംസിന് ഇതു കൂന്നിന്മേല്കുരുവായി മാറുകയും ചെയ്തു.
ഔദ്യോഗിക കണക്കുപേകാരം 40 ഓളം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കുറവാണ് സ്വര്‍ണ കടത്തുകാരുടെ ഇഷ്ട കേന്ദ്രമായ ‘കരിപ്പൂരില്‍’ മാത്രം ഉള്ളത്.
ഉള്ളവര്‍ക്കാകട്ടെ അനുബന്ധ ജോലിയുമായി ബന്ധപ്പെട്ട തിരക്കും. ഇതോടെ 24 മണിക്കൂര്‍ നിരീക്ഷണമെന്ന ലക്ഷ്യം പലപ്പോഴും അസ്ഥാനത്താകുകയും ചെയ്യുന്നു. 145 പേര് വേണ്ടിടത്ത് 78 പേരാണ് നിലവില്‍ ഉള്ളത്.
സൂപ്രണ്ടുമാരും സസ്പെൻഷനിൽ
മൂന്ന് കസ്റ്റംസ് സൂപ്രണ്ടുമാരാകട്ടെ കസ്റ്റഡിയിലുള്ള സ്വര്‍ണം യാെതാരു ‘തെളിവു’ മില്ലാതെ നഷ്ടപ്പെട്ടതോടെ സസ്പെന്‍ഷനിലുമാണ്. സസ്പെപന്ഷന് നടന്നിട്ടു മൂന്നാഴ്ചയായിട്ടും ആള്‍ക്ഷാമം അങ്ങിനെ തന്നെ നില്ക്കുന്നു.
മൂന്ന് ഷിഫ്റ്റുകളിലായായാണ് കസ്റ്റംസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 15 സൂപ്രണ്ടുമാര്‍, 17 ഇന്‍സ്പെക്ടര്‍മാര്‍ ഏഴ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെയാണ് കണക്ക്.
കഴിഞ്ഞമാസം മാത്രം ‘പരാധീനതകള്‍ക്കിടയിലും’ 12 കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ‘അറിയാതെ പോയത്’ ഇതിനിരട്ടിയോളം വരുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
അഞ്ചരക്കിലോ പിടിച്ചു
കൂടുതല്‍ ഉദ്യോഗസ്ഥരും ആധുനിക സംവിധാനങ്ങളും കാര്യക്ഷമമായി കൊണ്ടുവരികയാണെങ്കില്‍ ഇതില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രത്യേകിച്ചും പലവിധ മാര്‍ഗങ്ങള്‍ സ്വര്‍ണക്കടത്തിനായി ഉപേയോഗിക്കുന്ന സാഹചര്യത്തില്‍. ഈ മാസം മാത്രം അഞ്ചരക്കിലോ സ്വര്‍ണം കരിപ്പൂരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സത്രീകളെ കാരിയര്‍മാരായി ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നുണ്ടെന്ന വിവരവും കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതും പരിശോധന കര്‍ശനമാക്കേണ്ടതും അത്യാവശ്യമാണെന്ന് ഇവര്‍ പറയുന്നു.